കണ്ണൂർ: എംവി. രാഘവനെ സിപിഎം വിട്ട സമയത്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സംരക്ഷിച്ചുവെന്ന വാദത്തിനോട് യോജിക്കുന്നുവെന്ന് എം.വി ആറിന്റെ മകൻ എം.വി രാജേഷ്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംവിആറിന്റെ മറ്റൊരു മകനായ എംവി നികേഷ് കുമാർ സുധാകരനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ എംവി രാജേഷ് സുധാകരനൊപ്പമാണ്.

എം വിആർ സിപിഎമ്മിൽ നിന്നും പുറത്തുവന്ന സമയത്ത് അന്നത്തെ ഡി.സിസി പ്രസിഡന്റായ കെ.സുധാകരൻ സംരക്ഷണമല്ല പിൻതുണയാണ് കൊടുത്തത്. രാഷ്ട്രീയപരമായി സുധാകരൻ നൽകിയ പിൻതുണയെ സംരക്ഷണമെന്ന് പറയുന്നതിൽ തെറ്റില്ല. യു.ഡി.എഫ് മന്ത്രിസഭയിൽ മന്ത്രിയാക്കിയും അന്ന് പൊലിസ് സുരക്ഷ നൽകിയും അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അദ്ദേഹത്തെ സംരക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ പിൻതുണയും കെ.കരുണാകരൻ നൽകി-രാജേഷ് പറയുന്നു.

ഈ കാര്യത്തിൽ നികേഷ് കുമാർ സംവാദം നടത്തുന്നതിൽ തെറ്റില്ല. രാഷ്ട്രീയത്തിൽ ആരോഗ്യപരമായ ചർച്ചകൾ വേണമെന്നും രാജേഷ് കുമാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിന്റെ നടത്തിപ്പുമായി ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടത് സർക്കാരാണ് നടത്തിപ്പിലെ കെട്ടുകാര്യസ്ഥതയാണ് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾക്കു കാരണം.

കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാവേദനയും നഷ്ടവുമാണ്. 1986 ൽ സിപിഎം എം.വി ആറിനെ പുറത്താക്കാൻ കാരണമായ ബദൽ രേഖ ശരിയാണെന്ന് കാലം തെളിയിച്ച കാര്യമാണ്. അതിനാലാണ് സിപിഎം എം വി ആറിന്റെ നയങ്ങൾ ഇന്ന് അംഗീകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ ആദരിക്കുന്നത്.

1986 ൽ എം.വി ആറിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ഏറ്റു പറയാൻ എം വിആറിനെ ആദരിക്കുന്ന ഈ കാലഘട്ടത്തിൽ തയ്യാറാകണം നവംബർ ഒൻപതിന് രാവിലെ എട്ടു മണിക്ക് കണ്ണുർ പയ്യാമ്പലം എം വിആർ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന നടത്തും. തുടർന്ന് പതിനൊന്നരയോടെ മഹാത്മ മന്ദിരത്തിൽ നടക്കുന്ന പൊതുസമ്മേളനവും നടക്കും.