തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകൾ ചെയ്ത സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ച ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന. കേരളത്തിലെമ്പാടും തുറന്നുപ്രവർത്തിച്ച സ്ഥാപനങ്ങൾക്കതിരെ നിയമലംഘനത്തിന് കേസെടുത്തു. ഇതിന് പുറമേ നിരവധി സ്ഥാപനങ്ങൾക്ക് പിഴയീടാക്കുകയും ചെയ്തു. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, കൊശമറ്റം ഫിനാൻസ് , മണപ്പുറം തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൊലീസ് ശക്തമായ പരിശോധന നടത്തിയതോടെ കൊശമറ്റവും മണപ്പുറവും ഉച്ചയോടെ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി. എന്നാൽ, മുത്തൂറ്റ് ഫിനാൻസും മുത്തൂറ്റ് ഫിൻകോർപ്പും ചട്ടങ്ങൾ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നിട്ട് പ്രവർത്തനം തുടർന്നു.

ഇതോടെ, മുത്തൂറ്റ് ഫിനാൻസിന്റെയും മുത്തൂറ്റ് ഫിൻകോർപ്പിന്റെയും നിരവധി ജീവനക്കാരെ പൊലീസ് നിയമലംഘനത്തിന് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. സ്‌റ്റേഷനിലേക്ക് ജീവനക്കാരെ വിളിച്ചുവരുത്തുകയും കേസെടുക്കുകയും ചെയ്തു. ഇതിന് പുറമേ സ്ഥാപനങ്ങളുടെ മേൽ ഫൈനും ചുമത്തി. നാനൂറോളം പേരിൽ നിന്ന് ഫൈൻ ഈടാക്കിയതാണ് പ്രാഥമിക വിവരം. നിയമലംഘനത്തിന് ആകെ 658 ഓളം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്.

ലോക്ഡൗൺ ഇളവിൽ സർക്കാർ ഉത്തരവ് നിലനിൽക്കെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സ്വന്തമായി ഉത്തരവ് പുറത്തിറക്കിയാണ് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് സ്്ഥാപനങ്ങൾ തുറന്നുവച്ചതെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അസോസിയേഷൻ പ്രസിഡന്റ് കെ വി സുബ്രഹ്മണ്യൻ പുറത്തിറക്കിയ വിവാദ ഉത്തരവിൽ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളും റീജിയണൽ ഓഫീസുകളും സോണൽ ഓഫീസുകളും ആഴ്ചയിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകളെ സഹായിക്കാൻ സംസ്ഥാനത്ത് ലോക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചയും ഓഫീസുകൾ തുറക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം,കൊശമറ്റം, കെഎൽഎം, എന്നിവയടക്കം സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന അസോസിയേഷനാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്.

കോവിഡ് ഇളവുകൾ നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേ സമയം 17,19,22 തീയതികളിൽ നെഗോഷബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധിയായിരിക്കുമെന്നും പറയുന്നു. അതായത് ഈ ദിവസങ്ങൾ വരുന്നത് ഇളവുകൾ നൽകിയിരിക്കുന്ന ദിനങ്ങളിലാണെങ്കിലും പ്രവർത്തിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.

കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് ഇളവുകൾ നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില നൽകിയാണ് ബ്ലഡ് കമ്പനികളുടെ അസോസിയേഷൻ മറ്റൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾക്ക് വിരുദ്ധമായാണ് ഇവിടുത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് കമ്പനികളും മറ്റൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അവർ പറയുന്നത് സർക്കാരിന്റെ നിബന്ധനകൾ ഒന്നും തങ്ങൾക്ക് ബാധകമല്ല. സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് തങ്ങൾ സ്വയം തീരുമാനം എടുക്കും എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.സ്വയം സർക്കാരാകുകയാണ് ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങൾ.