ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലത്തിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേയും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും. രാമേശ്വരത്തെ പുത്തൻ പാമ്പൻ പാലമാണ് വെർട്ടിക്കൽ ലിഫ്റ്റിങ് പാലമായി നിർമ്മിക്കുന്നത്. പാലത്തിന്റെ മധ്യഭാഗം പൂർണമായും ഉയർത്തിക്കൊണ്ട് കപ്പലുകൾക്ക് കടന്നുപോകുന്നതിനുള്ള വഴിയൊരുക്കുന്നതിന് സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ പാലത്തിന്റെ മധ്യഭാഗം ഉയർത്താൻ പറ്റുന്ന രീതിയിലുള്ള പാലം നിർമ്മിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. തുരുമ്പ് പിടിക്കാത്ത സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീർഘകാലം നിലനിൽക്കുന്ന പെയിന്റ്ങ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. 1914ൽ പ്രവർത്തനസജ്ജമായ പഴയ പാമ്പൻപാലം രാജ്യത്തെ ആദ്യത്തെ കടൽപ്പാലമാണ്. മൂന്ന് വർഷം കൊണ്ടായിരുന്നു പഴയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. 2010ൽ ബാന്ദ്ര-വർളി പാലം പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടൽപാലവും ഇതായിരുന്നു.

കപ്പലുകൾക്ക് കടന്നുപോകുന്നതിനായി 63 മീറ്റർ നാവിഗേഷണൽ സ്പാൻ പുതിയ പാലത്തിനുള്ളപ്പോൾ പഴയ പാലത്തിന് ഇത് 22 മീറ്റർ മാത്രമേയുള്ളൂ. പാലത്തിന്റെ 63 മീറ്റർ ഭാഗമാണ് ചെറിയ കപ്പലുകൾക്ക് വഴിയൊരുക്കാനായി ഉയർത്താൻ സാധിക്കുന്നത്. നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതികവിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകൾ കടന്നുപോയിരുന്നെങ്കിൽ പുതിയ പാലത്തിൽ ഇത് ലംബമായി കുത്തനേ മുകളിലേക്കാണ് നീങ്ങുക. പാലത്തിന്റെ ഇരുവശങ്ങളിലേയും സെൻസറുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുക.

104 വർഷം പഴക്കമുള്ള പാമ്പൻ പാലത്തിന് പകരമായിട്ടാണ് 250 കോടി രൂപ ചെലവിട്ട് പുതിയ പാലം നിർമ്മിക്കുന്നത്. 2.05 കിലോമീറ്ററിൽ ഇരട്ടപ്പാതയായിട്ടാണ് പാലം നിർമ്മിക്കുന്നത്. രാമേശ്വരത്തെ മണ്ഡപവുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന് 101 പില്ലറുകളാണുള്ളത്. നിലവിലെ പാലത്തിനേക്കാൾ മൂന്ന് മീറ്റർ അധികം ഉയരമുള്ളതാണ് പുതിയ പാലത്തിന്റെ പില്ലറുകൾ. അതിനാൽ തന്നെ ബോട്ട് ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് നിർമ്മാണം.

കേന്ദ്രമന്ത്രി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളേയും കാണാം. എഞ്ചിനീയറിങ് വിസ്മയം എന്ന കുറിപ്പോടെയാണ് ഇന്ത്യൻ റെയിൽവേ സമൂഹമാധ്യമങ്ങളിൽ പാലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരട്ട ട്രാക്കുകളുള്ള ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലമായ ഇത് അടുത്ത വർഷം മാർച്ചോടെ നിർമ്മാണം പൂർത്തിയാകുമെന്നും റെയിൽവേ പറഞ്ഞു.