കൊച്ചി: ഐപിഎസ് ലഭിച്ച ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി എൻ. അബ്ദുൾ റഷീദിന് നിയമനം നൽകുന്നതിന് വേണ്ടി തിരക്കിട്ട് 38 എസ്‌പിമാരെ മാറ്റി നിയമിച്ചതിനിടെ മൈക്രോഫിനാൻസ് കേസ് അന്വേഷിക്കുന്ന വിജിലൻസ് എസ്‌പിയെയും മാറ്റി. കോടതി കേസ് വിളിച്ചപ്പോൾ നേരിട്ട് ഹാജരായ എസ്‌പി തന്നെ സ്ഥലം മാറ്റിയതിന്റെ പകർപ്പ് ഹാജരാക്കി. പഴി ഉദ്യോഗസ്ഥർക്ക് മേൽ ചാരി മണിക്കൂറുകൾക്കകം എസ്‌പിയെ തിരികെ നിയമിച്ചുവെന്ന് കോടതിയെ അറിയിച്ച് ഡിജിപി തലയൂരി.

മധ്യമേഖലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്‌പി ജെ. ഹിമേന്ദ്രനാഥിന്റെ സ്ഥലം മാറ്റമാണ് കോടതി കണ്ണുരുട്ടിയപ്പോൾ പിൻവലിച്ചത്. ജസ്റ്റിസ് കെ. ബാബുവിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു കാരണവശാലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാൻ പാടില്ലെന്ന് കോടതി നേരത്തേ ഉത്തരവ് ഇട്ടിരുന്നു. 21 എസ്‌പിമാർക്ക് ഐപിഎസ് നൽകിയപ്പോൾ തിരക്കിട്ട് ഇവരെ ഉൾക്കൊള്ളിക്കാൻ വേണ്ടി നടന്ന പരക്കം പാച്ചിലിനൊടുവിലാണ് ഹിമേന്ദ്രനാഥിനെ മാറ്റിയത്.

കഥ ഇങ്ങനെ:
ക്രിമിനൽ കേസ് പ്രതിയായ എൻ. അബ്ദുൾ റഷീദ് ഐപിഎസ് നൽകാനുള്ള എസ്‌പിമാരുടെ പട്ടികയിൽ സ്ഥാനം പിടിച്ചതിന് പിന്നാലെ പരാതി പ്രളയമായിരുന്നു. ഹൈക്കോടതിയിൽ അടക്കം ഹർജി വന്നു. റഷീദിന് ഐപിഎസ് കൊടുക്കരുതെന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേന്ദ്രആഭ്യന്തരവകുപ്പിന് കത്തെഴുതി. രണ്ടു തവണ കേന്ദ്രം അൺഫിറ്റെന്ന് പറഞ്ഞ് തള്ളിയ റഷീദിന് വേണ്ടി വൻചരടു വലിയാണ് കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഇയാൾക്ക് ഐപിഎസ് കിട്ടുന്നതിന് വേണ്ടി ഡൽഹിയിൽ നേരിട്ടെത്തി.

ജൂൺ 27 ന് പുറത്തിറങ്ങിയ ഐപിഎസ് പട്ടിക വിവാദമായതോടെ ചരിത്രത്തിലാദ്യമായി അന്തിമ വിജ്ഞാപനം മാസങ്ങളോളം നീണ്ടു. റഷീദിന് ഐപിഎസ് നൽകിയാൽ തങ്ങൾ പുലിവാൽ പിടിക്കുമെന്ന് മനസിലാക്കിയ യു.പി.എസ്.സി ചെയർമാൻ അടക്കം റിവേഴ്സ് ഗിയറിലായി. എന്തു വന്നാലും റഷീദിന് ഐപിഎസ് കിട്ടിയേ മതിയാകൂവെന്ന് സംസ്ഥാന പൊലീസിലെയും ആഭ്യന്തരവകുപ്പിലെയും ചിലർ നിർബന്ധം പിടിച്ചു. അങ്ങനെ നവംബർ 16 ന് 21 ഉദ്യോഗസ്ഥർക്ക് ഐപിഎസ് വിജ്ഞാപനം ചെയ്തു. 17 ന് ഇവർക്ക് നിയമനവും നൽകി. ഐപിഎസ് വിജ്ഞാപനം വരുന്നുവെന്ന് മനസിലാക്കി തിരക്കിട്ട് ഒരു ലിസ്റ്റ് തയാറാക്കി വച്ചു. പുത്തൻ ഐപിഎസുകാരെ നിയമിക്കേണ്ട തസ്തികയായിരുന്നു അത്.

അഴിച്ചു പണി നടത്തിയപ്പോൾ പലരെയും നിലവിലുള്ള തസ്തികയിൽ നിന്ന് മാറ്റേണ്ടി വന്നു. അങ്ങനെ തിരക്കിട്ട് തയാറാക്കിയ ലിസ്റ്റ് 17 ന് പ്രാബല്യത്തിൽ വരികയും റഷീദ് അടക്കമുള്ളവർക്ക് നിയമനം നൽകുകയും ചെയ്തപ്പോൾ കോടതി മാറ്റരുതെന്ന് പറഞ്ഞ വിജിലൻസ് എസ്‌പി ഹിമേന്ദ്രനാഥും അതിലുണ്ടായിരുന്നത് ആരും അറിഞ്ഞില്ല.

കോടതിയിൽ നടന്നത്...

നവംബർ 17 ന് വന്ന സ്ഥലം മാറ്റ ലിസ്റ്റുമായിട്ടാണ് 18ന് രാവിലെ കോടതി മൈക്രോഫിനാൻസ് കേസ് വിളിച്ചപ്പോൾ എസ്‌പി ഹിമേന്ദ്രനാഥ് നേരിട്ട് ഹാജരായത്. തന്നെ കെഎസ്ഇബിയിൽ ചീഫ് വിജിലൻസ് ഓഫീസറാക്കി സ്ഥലം മാറ്റിയെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 17 ന് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമായി ജഡ്ജി ഇതിനെ വിശേഷിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതു വരെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന് ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെ വിശദീകരണം തേടാൻ സ്പെഷൽ ഗവൺമെന്റ് പ്ലീഡർക്ക് കോടതി നിർദ്ദേശം നൽകി.

ഉച്ചയ്ക്ക് ശേഷം 1.45 ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഹിമേന്ദ്രനാഥിന്റെ സ്ഥലം മാറ്റം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് ഗവൺമെന്റ് പ്ലീഡർ അറിയിച്ചു. ഹിമേന്ദ്രനാഥിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചുവെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വേണ്ടി കോടതിയെ ബോധിപ്പിച്ചു. അദ്ദേഹം വിജിലൻസ് എസ്‌പിയായി തുടരുമെന്നും അറിയിച്ചു. തന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹിമേന്ദ്രനാഥ് കോടതിയിൽ സമർപ്പിച്ചു. 124 ക്രയവിക്രയം നടന്നതിൽ 51 എണ്ണത്തിന്റെ റിപ്പോർട്ട് തയാക്കിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം സമയം കൂടി എസ്‌പി ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു. ഇതു വരെ നടത്തിയ അന്വേഷണത്തിൽ കോടതി തൃപ്തി അറിയിക്കുകയും ചെയ്തു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മറ്റ് ഭാരവാഹികൾക്കുമെതിരേ മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനാണ് ഹൈക്കോടതിയെ സമീപിച്ചത്. എട്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് 2018 ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയില്ല. കേസ് തന്റെ തലയിൽ വരുമെന്ന് മനസിലാക്കിയ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ 2020 ജൂൺ 24 ന് യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചു. വെള്ളാപ്പള്ളിയുടെ തട്ടിപ്പുകൾ എണ്ണിപ്പറഞ്ഞും ആത്മഹത്യയിലേക്ക് നയിച്ചത് അയാളാണെന്നും കുറിപ്പെഴുതി വച്ചിരുന്നു. അതിന്മേൽ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. തുടർന്ന് മഹേശന്റെ ബന്ധു എം.എസ് അനിൽ ഹൈക്കോടതിയിൽ ഒരു ഓ.പി ഫയൽ ചെയ്തു.

വി എസ് കൊടുത്ത മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ മഹേശനും പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കാൻ ഈ കേസിൽ അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്. അതിന് വേണ്ടിയാണ് അനിൽ കോടതിയെ സമീപിച്ചത്. നിലവിൽ ഹിമേന്ദ്രനാഥിന്റെ അന്വേഷണം കാര്യക്ഷമമായി പോവുകയാണ്. കേരളത്തിന് വെളിയിൽ നിന്നുള്ള ഐപിഎസ് ഓഫീസർ ആയതിനാൽ യാതൊരു സ്വാധീനവും അദ്ദേഹത്തിന് മേൽ ചെലുത്താൻ കഴിയാത്തതും വെള്ളാപ്പള്ളിക്കും കൂട്ടർക്കും തിരിച്ചടിയാണ്.