ലണ്ടൻ: ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. ജന്മം നൽകിയ അമ്മ തന്നെ രണ്ടു കുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുക. സാഹചര്യങ്ങൾ എന്തായാലും നിയമത്തിന്റെ മുന്നിൽ എത്തുമ്പോൾ രക്ഷപ്പെടാൻ കാര്യമായ പഴുതുകൾ ഇല്ലാത്ത കുറ്റമാണ് മലയാളി നഴ്സ് ആയ അക്ഫീൽഡിലെ ജിലുമോൾ ജോർജ് ചെയ്തിരിക്കുന്നത് എന്നാണ് നിയമ രംഗത്തെ വിലയിരുത്തൽ. യുകെയിലെ നിയമം അനുസരിച്ചു കുട്ടികൾക്ക് നേരെയുള്ള ഏതാക്രമത്തിനും കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത് എന്ന് കഴിഞ്ഞ വർഷം കെറ്ററിംഗിൽ കൂട്ടക്കൊല നടത്തിയ കണ്ണൂർ സ്വദേശി സജു ചെലവേലിന് ലഭിച്ച പരോൾ ഇല്ലാത്ത 40 വർഷത്തെ ശിക്ഷ തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. വധശിക്ഷ നിലവിൽ ഇല്ലാത്ത ബ്രിട്ടനിൽ സജു ശേഷ കാലം പുറംലോകം കാണരുത് എന്ന ഉദ്ദേശത്തോടെ തന്നെയാണ് 52 കാരനായ സാജുവിനെ തേടി പരമാവധി ശിക്ഷ എത്തിയതിലൂടെ തെളിഞ്ഞതും. അപ്പീൽ നൽകാൻ പോലും സാധിക്കാത്ത വിധത്തിൽ യുകെയിൽ കോടതികളിൽ നിന്നും എത്തുന്ന വിധി ന്യായങ്ങൾ മറ്റൊരു നാട്ടിൽ നിന്നും എത്തിയ മലയാളികൾക്ക് കണ്ണ് തുറന്നു കാണാൻ വേണ്ടിയുള്ളതു തന്നെയാണ്.

യുകെ മലയാളികൾക്കിടയിൽ അസ്വാഭാവിക സംഭവങ്ങൾ തുടർക്കഥ ആകുമ്പോൾ

എങ്കിലും പല വിധ കാരണങ്ങളാൽ വീണ്ടും വീണ്ടും അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറുകയാണ്. പല കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോകുന്നുണ്ട്. അടുത്തിടെ മിഡ്‌ലാൻഡ്‌സിലെ ഒരു പ്രധാന പട്ടണത്തിൽ മലയാളി യുവ സഹോദരങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഒരാൾക്ക് ജീവഹാനി സംഭവിച്ചത് ചില പ്രത്യേക സാഹചര്യങ്ങളാൽ ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങളിൽ പോലും ഇത് വരെ വാർത്ത ആയിട്ടില്ല. ഏതാനും ദിവസം മുൻപ് സൗത്ത് വെയിൽസിൽ ഷെയർ ചെയ്തു താമസിച്ച യുവാവുമായി ഭാര്യക്ക് അടുപ്പം ഉണ്ടെന്ന സംശയത്തിൽ യുവാവ് മാരകമായി സ്വയം മുറിവേൽപ്പിച്ചതും മലയാളി സമൂഹത്തിൽ കാര്യമായി ആരും അറിഞ്ഞിട്ടില്ല.

ഏതാനും മാസം മുൻപ് എക്സിറ്ററിൽ പുതുതായി എത്തിയ മലയാളി യുവാവ് ആത്മഹത്യ ചെയ്തതും സമാന സാഹചര്യത്തിൽ തന്നെയാണ്. ആ സംഭവത്തിൽ ഭാര്യയുടെയും ഭർത്താവിന്റെയും വീട്ടുകാർ ചേരി തിരിഞ്ഞു കേരളത്തിൽ പരസ്യ പത്രസമ്മേളനം വരെ നടത്തിയ സാഹചര്യവും മാധ്യമ വാർത്തകളിൽ എത്തിയിരുന്നു. ഈ സംഭവത്തിൽ ഭർത്താവിന്റെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു ബ്രിട്ടീഷ് പൊലീസിലും പരാതിയുമായി എത്തിയിരുന്നു.

ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നതും മൂടിവയ്ക്കപ്പെടുന്നതുമായ ഒട്ടേറെ സംഭവങ്ങളിൽ മലയാളികൾ പ്രധാന കഥാപാത്രങ്ങളാവുകയാണ്. കേസുകളുടെ വിചാരണ കോടതികളിൽ എത്തുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ നിന്നും അഡ്രസ്സ് ഉള്ളവരുടെ പേരിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നുവരെ കോടതികളിൽ ചോദ്യമായതും മലയാളി സമൂഹം യുകെയിൽ നേരിടുന്ന പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഹേ വാർഡ് ഹീത്തിനു സമീപമുള്ള അക്ഫീൽഡിൽ മലയാളി യുവതി ഉൾപ്പെട്ട കൊലപാതക ശ്രമം നിയമ രംഗത്തും ചർച്ച ആയി മാറുന്നത്.

യുകെയിൽ തന്നെ സ്വന്തം അമ്മ മക്കളെ വകവരുത്താൻ ശ്രമിച്ചെന്ന നിലയിൽ പ്രത്യേക ശ്രദ്ധ ലഭിച്ചിരിക്കുകയാണ് ഈ കേസിന്. പ്രായപൂർത്തി ആകാത്ത രണ്ടു കുട്ടികൾ കൊലപാതക ശ്രമത്തിൽ ഉൾപ്പെട്ടു എന്നത് കേസ് കോടതിയിൽ വിചാരണക്ക് എത്തുമ്പോൾ അത്യന്തം ഗൗരവത്തോടെ പരിഗണിക്കപ്പെടും എന്നതിന് സാധ്യത വർധിപ്പിക്കുകയാണ്. ഒന്നിലേറെ കുട്ടികൾക്ക് ഒരു കേസിൽ ക്രൂരത നേരിടേണ്ടി വന്നാൽ ബ്രിട്ടനിൽ പരമാവധി ശിക്ഷ നൽകണം എന്നാണ് നിയമം അനുശാസിക്കുന്നത്. കേറ്ററിങ് വിധിയിൽ നിയമത്തിലെ ഈ ഭാഗമാണ് അടിസ്ഥാനമായതും. ഈ സാഹചര്യത്തിൽ വിഷം കുത്തിവച്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ അമ്മയെ തേടി വർഷങ്ങളോളം നീളുന്ന ജയിൽ ജീവിതം കോടതി സമ്മാനിച്ചാലും അത്ഭുതപ്പെടാനില്ല.

അക്ഫീൽഡിൽ പ്രതിയുടെ ജയിൽ മോചനത്തിന് ഏക പ്രതീക്ഷ കോടതിയുടെ കരുണ മാത്രം

എന്നാൽ കഴിഞ്ഞ ദിവസം ബെൽഫാസ്റ്റ് കോടതിയിൽ അപകടകരമായ ഡ്രൈവിങിനെ തുടർന്ന് മലയാളി നഴ്സ് കൊല്ലപ്പെട്ട കേസിൽ മറ്റൊരു മലയാളി നഴ്‌സിനെ നിരുപാധികം വിട്ടയച്ചത് പോലുള്ള കോടതിയുടെ അനുകമ്പ എത്തിയാൽ മാത്രമേ അക്ഫീൽഡ് കേസിലെ പ്രതിയായ മലയാളി യുവതി ഇനി വേഗത്തിൽ പുറം ലോകം കാണൂ എന്നാണ് കരുതപ്പെടുന്നത്. നിലവിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം.

ഇവർക്കൊപ്പം താമസിച്ചിരുന്ന പുരുഷൻ ഇപ്പോൾ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇയാൾ തിരിച്ചെത്തിയാലും വീട്ടിലെ അന്തരീക്ഷത്തെ പറ്റി കുട്ടികൾ നൽകുന്ന റിപ്പോർട്ടിനെ അനുസരിച്ചാകും അവരെ ഭാവി സംരക്ഷണത്തിന് ആരെ ഏൽപിക്കും എന്ന കാര്യത്തിൽ തീരുമാനമാകുക. ഇക്കാര്യത്തിൽ മാതാവ് എന്ന നിലയിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന യുവതിയുടെ മൊഴികൾക്കും നിർണായക പങ്കുണ്ട്. എന്നാൽ അന്തിമ തീരുമാനം കോടതിയുടേത് ആയിരിക്കും.

പള്ളി ചടങ്ങുകളിലും മലയാളി കൂട്ടായ്മകളിലെ പരിപാടികളിലും ഒക്കെ നിറ സാന്നിധ്യം ആയിരുന്ന കുടുംബത്തെ തേടി എത്തിയ ദുർവിധിയിൽ ഇപ്പോൾ പ്രദേശവാസികളായ മലയാളികളും അസ്വസ്ഥരാണ്. പ്രധാനമായും കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് ഏവരുടെയും ആശങ്ക. ഒരു നിമിഷത്തെ ദുർബുദ്ധി ജീവിതം തകർത്തെറിയുന്ന വിധം ഒരു കുടുംബത്തെ അനാഥമാക്കിയ സാഹചര്യം ഏറെ വേദന സൃഷ്ടിക്കുന്നതാണെന്ന് പ്രദേശത്തെ മലയാളികൾ സൂചിപ്പിച്ചു.

പള്ളിയിലും മറ്റും കൈക്കാരൻ ആയ വ്യക്തി ഇപ്പോൾ എവിടെയെന്നു പോലും അറിയാത്ത സാഹചര്യത്തിൽ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ബ്രിട്ടനിലെ സാമൂഹ്യ വകുപ്പിന്റെ സംരക്ഷണയിൽ ആകാൻ സാധ്യത ഏറെയാണ്. നിലവിൽ കുടുംബത്തിന്റെ കാര്യത്തിൽ മലയാളികൾ പരസ്പരം പങ്കുവയ്ക്കപ്പെടുന്ന ആശങ്കകൾ അല്ലാതെ ഉത്തരവാദിത്തത്തോടെ സഹായം തേടി പൊലീസിനെയോ നിയമ സംരക്ഷണമോ ഒരുക്കാൻ ആരും മുന്നിട്ടിറങ്ങിയിട്ടില്ല എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

നിയമം കണ്ണ് തുറന്നിരിപ്പുണ്ട്, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് യുകെയിൽ ഏറ്റവും മുൻഗണന
നിലവിലെ സാഹചര്യത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെട്ട കൊലപാതക ശ്രമം ആരോപിക്കപ്പെടുന്ന കേസുകളിൽ പ്രതിയാക്കപ്പെടുന്നവർക്കു ജാമ്യം പോലും ലഭിക്കണമെങ്കിൽ ഒട്ടേറെ കടമ്പകളുണ്ട്. പ്രധാനമായും തെളിവ് നശിപ്പിക്കലും സാക്ഷികളെ സ്വാധീനിക്കലും ഒക്കെ ആരോപിച്ചാകും പ്രോസിക്യൂഷൻ ഇത്തരം പ്രതികളെ ജയിൽ തന്നെ പിടിച്ചിടാൻ കഴിവതും ശ്രമം നടത്തുക. കൊലപാതകത്തിൽ അറസ്റ് രേഖപ്പെടുത്തപ്പെട്ട കേറ്ററിംഗിലെ സാജുവിന് അന്തിമ വിധി വരും വരെ ജയിലിൽ തന്നെ കഴിയേണ്ട സാഹചര്യം ആയിരുന്നു. ബ്രിട്ടീഷ് നിയമത്തിൽ കൊലപാതകവും കൊലപാതക ശ്രമവും തമ്മിൽ കാര്യമായ അന്തരത്തോടെയല്ല നിയമം നോക്കുന്നത് എന്നതും പ്രധാനമാണ്.

പല കേസുകളിൽ തലനാരിഴയ്ക്ക് കൊലപാതക ശ്രമം പരാജയപ്പെടുമ്പോഴും അതിന്റെ ദാക്ഷിണ്യം പ്രതി അർഹിക്കുന്നില്ല എന്നാകും പ്രോസിക്യൂഷൻ വാദം ഉയർത്തുക. കൊലപാതക ശ്രമത്തിനും വിഷം നൽകിയതിനും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ ജിലു ജോർജ് എന്ന യുവതിയെ തേടി കാഠിന്യമേറിയ ശിക്ഷ തന്നെ ഉറപ്പുവരുത്താനും പ്രോസിക്യൂഷൻ ശ്രമം നടത്തും. ഇക്കാരണം കൊണ്ട് തന്നെയാണ് അടുത്ത കോടതി നടപടികൾ ആരംഭിക്കുന്ന മാർച്ച് എട്ടുവരെയുള്ള ഒരു മാസക്കാലം പ്രതിയെ ജയിലിൽ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടതും.

ഇത്തരം കേസുകളിൽ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ചാർജ്ജ് ചെയ്യുന്ന വകുപ്പുകളും പ്രധാനമാണ്. കുട്ടികളെ ബാധിക്കുന്ന കേസുകളിൽ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന കാറ്റഗറി എ വകുപ്പുകൾ തന്നെ ഉൾപ്പെടുത്തുന്നതാണ് സാധാരണ നടപടിക്രമം. കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും മാരകമായി മുറിപ്പെടുത്തുന്നതും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ നടത്തുന്ന അപായ ശ്രമങ്ങളും ലൈംഗിക പീഡനങ്ങളും ഒക്കെ ഇത്തരത്തിൽ ഗുരുതര വകുപ്പുകൾ ചേർത്ത് തന്നെയാകും കേസ് രജിസ്റ്റർ ചെയ്യുക. ഇത് പ്രതി ആരായാലും പരമാവധി ശിക്ഷ ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് പ്രോസിക്യൂഷൻ സർവീസ് കേസ് രജിസ്റ്ററിൽ സുപ്രധാന വകുപ്പുകൾക്ക് മുൻഗണന നൽകുന്നതും.

കുട്ടികളെ അവഗണിച്ചോ തനിച്ചാക്കിയോ അവർക്ക് അപകടം ഉണ്ടാകാവുന്ന സാഹചര്യത്തിൽ ഉപേക്ഷിച്ചോ പോയാൽ പോലും മാതാപിതാക്കൾക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് ബ്രിട്ടനിലേത്. അതിനാൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ മാത്രമല്ല അവരെ അപായപ്പെടുത്തണം എന്ന ആലോചന പോലും നിസാരമായി വർഷങ്ങളോളം ജയിലിലേക്കുള്ള വഴി തുറന്നിടും എന്നാണ് കേറ്ററിംഗിൽ നിന്നും അക്ഫീൽഡിലേക്ക് എത്തുമ്പോഴും യുകെ മലയാളി സമൂഹം ഓർമ്മിക്കേണ്ടതും.