ലണ്ടൻ: കുറച്ചുകാലമായി ബ്രിട്ടനിലെ നഴ്‌സുമാർ സമരപാതയിലാണ്. ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ടുള്ള സമരം തുടരുമ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള സമരത്തിന് കോടതി ചെക്ക് പറഞ്ഞിരിക്കയാണ്. ഏപ്രിൽ 30 മുതൽ 48 മണിക്കൂർ നേരത്തേക്ക് പ്രഖ്യാപിച്ചിരുന്ന നഴ്സുമാരുടെ സമരം മെയ്‌ 1 അർദ്ധരാത്രിയോടെ അവസാനിപ്പിക്കും. മെയ്‌ 2 ലെ സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ സമരത്തിന്റെ ദൈർഘ്യം വെട്ടിക്കുറക്കാൻ റോയൽ കോളേജ് ഓഫ് നഴ്സസ് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു നടപടിക്കായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ തന്നെ, വിധി എതിരായാൽ, നിയമവിരുദ്ധമായ സമരത്തിന് അംഗങ്ങളെ പ്രേരിപ്പിക്കില്ലെന്ന് ആർ സി എൻ വ്യക്തമാക്കിയിരുന്നു.

മുൻകാല സമരങ്ങളിലെല്ലാം എമർജൻസി വിഭാഗം, ഇന്റൻസീവ് കെയർ, കാൻസർ കെയർ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ആർ സി എൻ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു എങ്കിൽ ഏപ്രിൽ 30 ന് ആരംഭിക്കുന്ന സമരത്തിൽ ഇതൊന്നും ഒഴിവാക്കിയിട്ടില്ല. ഒരു സമ്പൂർണ്ണ സമരമാണ് ആർ സി എൻ ഉദ്ദേശിക്കുന്നത്. വോട്ടിംഗിലൂടെ യൂണിയന് സമരാനുമതി ലഭിച്ചിട്ട് ആറുമാസക്കാലം കഴിഞ്ഞു എന്നതിനാലാണ് മെയ്‌ 2 ലെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

സമരത്തിനു ലഭിച്ച അനുമതിയുടെ കാലാവധി തീര്ന്നു എന്ന് വാദിച്ചായിരുന്നു ഈ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ആർ സി എൻ തങ്ങളുടെ വാദം കോടതിക്ക് മുൻപാകെ വയ്ക്കാൻ തയ്യാറായില്ല. തുടർന്നായിരുന്നു, സമരം നിയമവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. നിയമവിരുദ്ധ സമരത്തിൽ ഏർപ്പെട്ടാൽ നടപടികൾ എടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കും.

സർക്കാർ വാഗ്ദാനം നൽകിയ 5 ശതമാനം ശമ്പള വർദ്ധനവ് മിഡ്വൈഫുമാരുടെ യൂണിയനും, എൻ എച്ച് എസിലെ ഏറ്റവും വലിയ യൂണിയനായ യൂണിസനും അംഗീകരിച്ചു. ഈ പാക്കേജിനെ അനുകൂലിക്കണം എന്ന അംഗങ്ങളോട് നിർദ്ദേശിച്ചിരുന്നെങ്കിലും 54 ശതമാനത്തോളം ആർ സി എൻ അംഗങ്ങൾ ഈ പാക്കേജ് നിരാകരിക്കുകയായിരുന്നു. ഇനിയും സമരം തുടരണമെങ്കിൽ, അതിനായി വീണ്ടും അംഗങ്ങൾക്കിടയിൽ വോട്ടിങ് നടത്തേണ്ടതായി വരും. ഏതായാലും സമരം തുടരും എന്ന് തന്നെയാണ് ആർ സി എൻ വ്യക്തമാക്കുന്നത്.

അതിനിടയിൽ ജി പി മാരും സമരത്തെ കുറിച്ച് ആലോചിക്കുന്നതായി ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നു. ഈ വർഷം എൻ എച്ച് എസ് ഇംഗ്ലണ്ട് ഉണ്ടാക്കിയ പുതിയ ജി പി കരാറിലെ ചില വ്യവസ്ഥകൾക്ക് എതിരെയായിട്ടാണ് സമരം. ഏതായാലും ഇന്നലെ കൂടിയ ബി എം എ യുടെ ജി പി കമ്മിറ്റി, കരർ വ്യവസ്ഥകൾ എങ്ങനെ നടപ്പാക്കുന്നു എന്നറിയാൻ അല്പം കൂടി കാത്തിരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഉടനടി എടുത്തു ചാടി സമരം വേണ്ടെന്ന് തീരുമാനിച്ചെങ്കിലും, ഒഴിവാക്കാൻ ആകാത്തതാണെങ്കിൽ സമരം ചെയ്യണം എന്നു തന്നെയാൺ്യൂ് അംഗങ്ങളുടെ ആവശ്യം.കരാറിൽ തങ്ങൾ നിർദ്ദേശിച്ച വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ അത് നിരാകരിച്ചാൽ പിന്നെ സമരത്തെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായം തേടാനുള്ള വോട്ടിംഗിലേക്ക് കടക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.