ലണ്ടൻ: സമൂഹമാധ്യമങ്ങളുടെയും വാട്ട്സ്അപ് പോലുള്ള മെസേജിങ് ആപ്പുകളുടെയും പ്രചുര പ്രചരണം വാർത്തകൾ അതിവേഗം പ്രചരിക്കാൻ ഇടയായിട്ടുണ്ട്. ഒരു തരത്തിൽ ഇത് ഉപകാര പ്രദമാകുമ്പോൾ തന്നെ വ്യാജവാർത്തകൾ ധാരാളമായി ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. കെയറർ വിസ് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയെന്നുള്ള ഒരു വാർത്തയും ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

മാർച്ച് മാസങ്ങളിൽ ഇമിഗ്രേഷൻ നയങ്ങളിൽ മറ്റങ്ങൾ വരുത്തുക എന്നത് ബ്രിട്ടനിൽ സാധാരണയായൊരുസംഭവമാണ്. അതിനനുസരിച്ച് ഈ വർഷവും മാർച്ച് 9 ന് സർക്കാർ ഇമിഗ്രേഷൻ നയങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ കുടിയേറ്റ തൊഴിലാളികളുടെ മിനിമം ശമ്പളത്തിലും മണിക്കൂർ നിരക്കിലും വരുത്തിയ വർദ്ധനവാണ്. ഇതാണ് ഇവിടെ ആശയക്കുഴപ്പത്തിനു വഴി തെളിച്ചിരിക്കുന്നത്.

2022 ഫെബ്രുവരി 16 മുതൽ കെയർ വർക്കർമാരും ഹോം കെയറേഴ്സും ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ഹെൽത്ത് ആൻഡ് കെയർ വിസ ലഭിക്കുന്നതിനുള്ള അർഹത ഉണ്ടായിരിക്കും. ഇക്കഴിഞ്ഞ മാർച്ചിൽ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി, കെട്ടിട നിർമ്മാണ മേഖലയിലേയും ഹോസ്പിറ്റാലിറ്റി മേഖലയിലേയും തൊഴിലാളി ക്ഷാമത്തെ കുറിച്ച് ഒരു ഇടക്കാല റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പൂർണ്ണമായ റിപ്പോർട്ട് വരുന്ന ജൂണിലായിരിക്കും പ്രസിദ്ധപ്പെടുത്തുക.

ഇടക്കാല നിർദ്ദേശത്തിൽ കെട്ടിട നിർമ്മാണ മേഖലയിലെയും ഹോസ്പിറ്റാലിറ്റി മേഖലയിലേയും ചില തസ്തികകൾ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ചേർക്കാനുള്ള ശൂപാർശയാണുള്ളത്. അതിൽ, കെട്ടിട നിർമ്മാണ മേഖലയിലെ ബ്രിക്ക് ലയേഴ്സ് ആൻഡ് മേസൺ, റൂഫേഴ്സ്, റൂഫ് ടൈലേഴ്സ്, സ്ലേറ്റേഴ്സ്, കാർപന്റേഴ്സ് ആൻഡ് ജോയിനഴ്സ്, പ്ലാസ്റ്റേഴ്സ് തുടങ്ങിയ തസ്തികകൾ ഷോർട്ടേജ് ഒല്ക്കുപേഷൽ ലിസ്റ്റിൽ ചേർക്കുന്നതിന് സർക്കാർ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ഹോട്ടൽ ആൻഡ് അക്കൊമൊഡേഷൻ മാനേജേഴ്സ് ആൻഡ് പ്രൊപ്രൈറ്റേഴ്സ്, റെസ്റ്റോറന്റ് ആൻഡ് കാറ്ററിങ് എസ്റ്റബ്ലിഷ്മെന്റ് മാനേജേഴ്സ് ആൻഡ് പ്രൊപ്രൈറ്റേഴ്സ്, ഷെഫ്, കാറ്ററിങ് ആന്ദ് ബാർ മാനേജർ, വെയിറ്റർ ആൻഡ് വെയിട്രസ് എന്നീ തസ്തികകൾ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ചേർക്കണം എന്നാണ് എം എ സി നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഇപ്പോൾ സർക്കാർ പരിഗണനയിലാണ്.

ഇതിനെല്ലാം പുറമെ വരുത്തിയ മറ്റൊരു മാറ്റമാണ് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സന്ദേശത്തിനു പുറകിൽ ഉള്ളത്. ഷോർട്ടേജ് ഒക്ക്യൂപേഷൻ ലിസ്റ്റ് രണ്ട് പട്ടികകൾ ആയിട്ടാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പട്ടിക 1 ൽ ഒക്കുപേഷൻ കോഡ് അനുസരിച്ചുള്ള ഗോയിങ് റേറ്റിന്റെ 80 ശതമാനം ശമ്പളമാണ് മിനിമം നൽകേണ്ടത്. കെയറർ വർക്കർ, ഹോം കെയറർ എന്നിവർ ഉൾപ്പെടുന്ന കോഡ് 6145, 6146 എന്നിവ ഈ വിഭാഗത്തിൽ പെടുന്നു.

ഇവിടെ വന്നിരിക്കുന്ന മാറ്റം ഇവരുടെ ശമ്പളവുമായി ബന്ധപ്പെട്ടതാണ്. സ്‌കിൽഡ് വർക്കർ വിസയിൽ ആളെ നിയമിക്കാനുള്ള മിനിമം വേതനംമണിക്കൂറിൽ 10.10 പൗണ്ട് ആയിരുന്നു. മാത്രമല്ല, ആഴ്‌ച്ചയിൽ 39 മണിക്കൂർ എങ്കിലും ജോലി ഉണ്ടായിരിക്കുകയും വേണം. അതായത് ഈ വിസയിൽ എത്തി ജോലി ചെയ്യുന്നവരുടെ പ്രതിവർഷ മിനിമം വേതനം 20,482 പൗണ്ട് ആയിരുന്നു. അതിൽ ഇപ്പോൾ വർദ്ധനവ് വരുത്തിയിരിക്കുന്നു.

ഏപ്രിൽ 13 ന് പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ അനുസരിച്ച് ഈ നിരക്ക് മണിക്കൂറിന് 10.75 പൗണ്ട് ആക്കി ഉയർത്തിയിരിക്കുകയാണ്. അതെസമയം, പ്രതിവാരം 37.5 മണിക്കൂർ ജോലി ചെയ്താൽ മതിയാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കെയറർമാരുടെ മിനിമം ശമ്പളം ഏപ്രിൽ 13 മുതൽ പ്രതിവർഷം 20,962.50 പൗണ്ട് ആയിരിക്കും. ഇത്തരത്തിൽ വേതനത്തിൽ വ്യത്യാസം വരുത്തി പട്ടിക പുനക്രമീകരിച്ചപ്പോൾ കോഡ് 6145 ടൈപ്പ് 1 ൽ നിന്നും മാറി എന്നത് വാസ്തവമാണ് പക്ഷെ അത് ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ നിന്നും മാറ്റിയിട്ടില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കെയറർ വർക്കർ/ ഹോം കെയറർമാരെ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അത് ഇപ്പോഴും നിലനിൽക്കുന്നു. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയുടെ പുതിയ നിർദ്ദേശത്തിലും ഹെൽത്ത് കെയർ വിസ ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ തന്നെ തുടരണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഏകദേശം 1,45,000 കെയറർമാരുടെ ഒഴിവുകൾ ഇപ്പോൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഈ തസ്തിക ഇനിയും ഒരു വർഷത്തേക്കെങ്കിലും ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റി തുടരാനാണ് സാധ്യത.