ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര പര്യടനത്തിന്. ജപ്പാൻ, ഓസ്‌ട്രേലിയ, പപ്പുവാ ന്യൂ ഗിനി എന്നിവിടങ്ങളാലാണ് മോദി സന്ജർശനം നടത്തുക. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ്‌ 19-ന് ജപ്പാനിലേക്ക് തിരിക്കും. മെയ്‌ 19 മുതൽ 21 വരെ ജപ്പാനിലെ ഹിരോഷിമയിലാണ് ഉച്ചകോടി. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, അടിസ്ഥാനസൗകര്യവികസനം, ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി, സഹകരണം തുടങ്ങിയ വിഷയങ്ങളിന്മേൽ നടക്കുന്ന വിവിധ സെഷനുകളിൽ അദ്ദേഹം സംസാരിക്കും. വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹം ചർച്ചനടത്തും.

ജപ്പാനിൽനിന്ന് 22-ന് അദ്ദേഹം പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കും. അവിടെ ഫോറം ഫോർ ഇന്ത്യ പസഫിക് ഐലന്റ്സ് കോർപ്പറേഷൻ ഉച്ചകോടിയിൽ പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപ്പെയ്‌ക്കൊപ്പം പങ്കെടുക്കും. തുടർന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തി 22 മുതൽ 24 വരെ നടക്കുന്ന ക്വാഡ് രാഷ്ട്രനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കും.

മോദിയ്‌ക്കൊപ്പം യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് എന്നിവരും പങ്കെടുക്കും. പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രികൂടിയാണ് മോദി.