ചെന്നൈ: സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷപ്രചാരണം നടത്തിയതിന് സിനിമ സംഘട്ടന സംവിധായകനും ഹിന്ദുമുന്നണി നേതാവുമായ കനൽ കണ്ണന്റെ പേരിൽ കേസ്. തമിഴ്‌നാട് പൊലീസ് സൈബർസെൽ ആണ് കേസെടുത്തത്.

ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് കേസ്. കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണന്റെ ട്വിറ്റർ സന്ദേശമെന്ന് പരാതിയിൽ പറയുന്നു.

ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്. ശ്രീരംഗം ക്ഷേത്രത്തിനു സമീപമുള്ള പെരിയാറിന്റെ പ്രതിമ തകർക്കാൻ പൊതുയോഗത്തിൽ ആഹ്വാനം ചെയ്തതിനെത്തുടർന്ന് കഴിഞ്ഞവർഷം അറസ്റ്റിലായിരുന്നു.