ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രൂപീകരിച്ച പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യ' മുന്നണിയെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും രാജവാഴ്ചയും പ്രീണനങ്ങളും ഇന്ത്യയ്ക്കു പുറത്തുപോകേണ്ട സമയമായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

''ക്വിറ്റ് ഇന്ത്യ സമരത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അഴിമതിയുടെയും രാജവാഴ്ചയുടെയും പ്രീണനങ്ങളുടെയും സ്ഥാനം ഇന്ത്യയ്ക്കു പുറത്താണെന്ന് രാജ്യം ഒന്നടങ്കം ഉറക്കെ പറയുകയാണ്.'', നരേന്ദ്ര മോദി പറഞ്ഞു. റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്തുടനീളം 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർ നിർമ്മാണത്തിനുള്ള പദ്ധതിക്കാണ് തുടക്കമിടുന്നത്. പ്രതിപക്ഷം പ്രതികൂല രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് മോദി പറഞ്ഞു. ''അവർ കൃത്യമായി പ്രവർത്തിക്കുകയുമില്ല, മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയുമില്ല. പ്രതികൂല രാഷ്ട്രീയമാണ് അവർ മുന്നോട്ടു വയ്ക്കുന്നത്. '' ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാെടന്നും മോദി വ്യക്തമാക്കി.

''ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യ വികസനത്തിന്റെ പാതയിലാണ്. അമൃത് കാലോടെ അതിനു തുടക്കമിട്ടു. നവോന്മേഷത്തോടെ പുതിയ പ്രതിജ്ഞകൾ എടുക്കുകയാണ്. ഈ അവസരത്തിലാണ് ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിനു തുടക്കമിടുന്നത്.'' മോദി പറഞ്ഞു. 24,470 കോടി രൂപയാണ് റെയിൽവേ നവീകരണ പദ്ധതിയുടെ ചെലവ്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.