റായ്പൂർ: ഛത്തീസ്‌ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ജൈനക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഡോൺഗർഗഡ് സന്ദർശിച്ചു. ജൈന സന്യാസിയായ ആചാര്യ വിദ്യാസാഗർ മഹാരാജിനെ സന്ദർശിക്കുകയും മാ ബംലേശ്വരി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.

ആചാര്യ വിദ്യാസാഗർ മഹാരാജിനെ കണ്ട് അനുഗ്രഹം നേടാൻ സാധിച്ചെന്ന് മോദി അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി രമൺ സിംഗും മോദിക്കൊപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഛത്തീസ്‌ഗഢിലും മിസോറമിലും വിവിധ പ്രചാരണ പരിപാടികളിൽ മോദി പങ്കെടുത്തു.

ഡൽഹിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ബിജെപി സർക്കാരിനായെന്ന് മോദി പറഞ്ഞു മിസോറമിലെ പ്രചാരണത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്. മദ്ധ്യപ്രദേശിലെ റാലിയിലും പ്രസംഗിച്ചു.

കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിംഗിനും കമൽനാഥിനുമെതിരെ പരിഹാസവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മദ്ധ്യപ്രദേശിൽ പാർട്ടി സംഘടന ആരുടെ മകൻ പിടിച്ചടക്കുമെന്നതിനെച്ചൊല്ലി മുതിർന്ന നേതാക്കൾ പോരാടുകയാണെന്നായിരുന്നു പരിഹാസം. മദ്ധ്യപ്രദേശിലെ സിയോനിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ട് ഭരിച്ചിട്ടും ഗോത്രവർഗക്കാരുടെ ഉൾപ്പെടെ ക്ഷേമത്തിനായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല.

കോൺഗ്രസ് ഭരിക്കുമ്പോൾ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നു. ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അഴിമതി ഇല്ലാതായി. പാവപ്പെട്ടവരുടെ അവകാശത്തിനായി സ്വരൂപിച്ച പണം അവർക്ക് റേഷനായി നൽകുന്നെന്ന് അദ്ദേഹം സൗജന്യ റേഷൻ പ്രഖ്യാപനത്തെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ദാരിദ്ര്യത്തിൽ നിന്ന് വന്നതിനാൽ ദാരിദ്ര്യമറിയാൻ പുസ്തകം വായിക്കണമെന്നില്ല. അതിനാൽ പാവപ്പെട്ടവർക്കായി നടപ്പാക്കുന്ന പ്രധാന്മന്ത്രി ഗരീബ് യോജന ഡിസംബറിൽ പൂർത്തിയാക്കും. സൗജന്യ റേഷൻ ഉറപ്പാക്കുമെന്നും അറിയിച്ചു. ബിജെപി അധികാരം നിലനിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.