ശ്രീനഗർ: ജമ്മു കശ്മീർ മുന്മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. അനന്ത്നാഗ് ജില്ലയിലെ സംഗമിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം.

മെഹ്ബൂബയ്ക്ക് പരിക്കുകളില്ല. അതേസമയം, അംഗരക്ഷകരിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഒരു കറുത്ത സ്‌കോർപിയോയിലായിരുന്നു മെഹ്ബൂബ സഞ്ചരിച്ചിരുന്നത്. ഈ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്‌കോർപിയോയുടെ മുൻവശത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ ചിത്രങ്ങൾ പുറത്തെത്തി. ഖാനാബാലിൽ തീപ്പിടിത്തത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു മെഹ്ബൂബ. വാഹനം അപകടത്തിൽപ്പെട്ടുവെങ്കിലും നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെഹ്ബൂബ സന്ദർശനത്തിനായി പോയി.