ടോക്യോ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ രീതിയിലുള്ളതാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അതിന്, ഇസ്ലാമാബാദിൽ ഭീകരമുക്ത അന്തരീക്ഷം സൃഷ്ടിക്കാണമെന്നും അതിനായി ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിക്കി ഏഷ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'അതിർത്തിയിലെ ഭീകരവാദത്തെ പാക്കിസ്ഥാൻ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം ആശങ്ക ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരതയും ചർച്ചയും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കില്ല'- പ്രധാനമന്ത്രി പറഞ്ഞു.

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിൽ ജപ്പാനിലാണ്. ജപ്പാന് പുറമെ പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്. ജി- 7 ഉച്ചകോടി അടക്കം 40 പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്ര നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ, ഗോവയിൽ വെച്ച് നടന്ന ഷാങ്ഹായ് സഹകരണസംഘം (എസ്.സി.ഒ.) അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പങ്കെടുത്തിരുന്നു. 12 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനിൽനിന്ന് ഒരു ഉന്നതനേതാവ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഉണ്ടായിരുന്നില്ല.