ലണ്ടന്‍: ജയിലിലെ സെല്ലില്‍ വെച്ച് വനിതാ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് വീഡിയോ ചിത്രീകരിച്ച സംഭവത്തിലെ നായകന്‍ ഒരു ടിക്ടോക്ക് ഫിറ്റ്‌നസ്സ് താരമാണെന്ന് മെയില്‍ ഓണ്‍ലൈന്‍ വെളിപ്പെടുത്തുന്നു. ഒളിച്ചു കടത്തിയ ഫോണില്‍ ചിത്രീകരിച്ച വീഡിയോയിലാണ് പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശിയായ ലിന്റണ്‍ വീറിച്ച്, വനിത ഉദ്യോഗസ്ഥയായ ലിന്‍ഡ ഡി സൂസ അബ്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്ളത്. വാന്‍ഡ്‌സ്വര്‍ത്ത് ജയിലില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് 30 കാരിയായ ഡി സൂസ അബ്രിയൂവിനു മേല്‍;, ജോലിയില്‍ ഇരിക്കുമ്പോള്‍ കാണിച്ച പെരുമാറ്റ ദൂഷ്യത്തിന് കേസ് ചുമത്തിയിട്ടുണ്ട്. തന്റെ കായിക വ്യായാമങ്ങളുടെ വീഡിയോകളായിരുന്നു ഇയാള്‍ നിരന്തരമായി ടിക്ടോക്കില്‍ പോസ്റ്റ് ചെയ്യാറുള്ളത്. അതില്‍ ഒരു വീഡിയോ ഒരു ജിമ്മില്‍ വെച്ച് ചിത്രീകരിച്ചതാണ്. 36 കാരനായ വീറിച്ച് ഭവനഭേദനത്തിനും മോഷണത്തിനുമാണ് തടവ് ശിക്ഷ അനുഭവിക്കുന്നത്. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കാത്തതിനാല്‍, ഇയാള്‍ക്ക് ഇതിന്റെ പേരില്‍ ശിക്ഷ ലഭിക്കാനിടയില്ല.

ആറ് വര്‍ഷം മുന്‍പ് സ്റ്റഫോര്‍ഡില്‍, എം 6 ല്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ലൈസന്‍സില്ലാതെ വാഹനമോടിക്കുക, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുക, അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനായി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ഇയാള്‍ 2018 ല്‍ കോടതി കയറിയിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ച് ഇയാള്‍ ജയിലില്‍ നിന്നും പുറത്തു വരുന്ന ഒരു വീഡിയോ ഇയാള്‍ കഴിഞ്ഞ ഒക്ടോബറില്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ പങ്കാളി എഴ് മാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭ കാലാവധി പൂര്‍ത്തിയാകാതെ പ്രസവിച്ചേക്കും എന്ന ഭയത്താല്‍ ആശുപത്രിയില്‍ പോയിരിക്കുകയാണെന്നും മെയില്‍ ഓണ്‍ലൈന്‍ വെളിപ്പെടുത്തുന്നു. പുതിയ സംഭവവികാസങ്ങളില്‍ അവര്‍ ഏറെ അസ്വസ്ഥയാണെന്നും അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ലൈന്‍ എഴുതുന്നു. പുറത്തായ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൈയില്‍ ദൃശ്യമായ അതേ ടാറ്റു വ്യക്തമായി കാണുന്ന ഒരു ഫോട്ടോയും ഇയാള്‍ ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടയില്‍, പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട ഡി സൂസ അബ്രിയു ഇന്നലെ അക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. മാഡ്രിഡില്‍,ഒരു ബന്ധുവിനെ കാണാന്‍ പോകുന്നതിനായി ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ അവരെ അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഒരു പോര്‍ച്ചുഗീസ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു ഇവര്‍ യാത്രക്ക് മുതിര്‍ന്നത്. ആ പാസ്സ്‌പോര്‍ട്ട് പിടിച്ചെടുത്തതായും മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. കോടതി അവര്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.