ന്യൂഡൽഹി: എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ. കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകിയ കൊല്ലം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനുശേഷം കേസിൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയും, കൊല്ലം സിജെഎം കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്.

കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നും, വിചാരണയിലേക്ക് എത്രയും വേഗം കടക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്ന് തുടരന്വേഷണം അനുവദിച്ചു കൊണ്ടുള്ള കൊല്ലം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസ് തുടരേണ്ടതില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയിരുന്നു. ഈ വിധിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് വെള്ളാപ്പള്ളി അപ്പീൽ നൽകിയത്. എതിർകക്ഷികൾക്ക് നോട്ടീസക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി. എസ് എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി.

എസ്എൻ കോളജിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1997 -98 കാലയളവിൽ സമാഹരിച്ച തുകയിൽ 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ അപഹരിച്ചെന്നാണ് കേസ്. അന്നത്തെ എസ് എൻഡി പി കൊല്ലം ജില്ല വൈസ് പ്രസിഡന്റും, ട്രസ്റ്റിന്റെ ബോർഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്. കൊല്ലം സിജെഎം കോടതി അന്വേഷണത്തിന് രണ്ട് തവണ ഉത്തരവിട്ടെങ്കിലും വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകി. ഇതിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ 2014ലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

തുടർന്ന് ആറ് വർഷത്തിന് ശേഷം 2020ൽ വെള്ളാപ്പള്ളിയെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് കൊല്ലം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ യോഗനാദം മാസികയിൽ ഫണ്ട് തിരിമറിയിൽ വെള്ളാപ്പള്ളിയുടെ ഭാഗം വിശദീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൊല്ലം സിജെഎം കോടതിയുടെ അനുമതിയോടെ കേസ് വീണ്ടും അന്വേഷിച്ചു. വെള്ളാപ്പള്ളിയെ വിചാരണയ്ക്ക് വിധേയനാക്കാൻ പ്രാപ്തമായ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളി ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി വിചാരണ നേരിടണമെന്ന ഹർജിക്കാരന്റെ ആവശ്യമാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ അംഗീകരിച്ചത്. ഈ വിധിയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.