കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോൽക്കളി വേദിയിൽ മത്സരത്തിനിടെ വിദ്യാർത്ഥി കാൽതെറ്റിവീണതിനെ തുടർന്ന് പ്രതിഷേധം. ഹൈസ്‌കൂൾ വിഭാഗം കോൽക്കളി വേദിയിലാണ് വിദ്യാർത്ഥി തെന്നിവീണത്. വിദ്യാർത്ഥിയുടെ കൈയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

വേദിയിലെ കാർപെറ്റ് മാറ്റാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മത്സരാർഥികളും രക്ഷിതാക്കളും പറയുന്നത്. പെരുമ്പാവൂർ സ്വദേശിയായ അൽസുഫീർ എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. മത്സരം തുടങ്ങുന്നതിനുമുൻപു തന്നെ രക്ഷിതാക്കളും മത്സരാർഥികളും കാർപെറ്റ് മാറ്റണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അധികൃതർ പരിഹാരം കണ്ടില്ലെന്നും ഇവർ പറയുന്നു.

അപകടമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കളും മത്സരാർഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് മത്സരം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.