തൃശൂർ:കുന്നംകുളത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ പൊക്കി പൊലീസ്.കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മായിലാണ് പിടിയിലായത്.മോഷണം നടന്ന് പത്ത് ദിവസത്തിനുള്ളിലാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്.മോഷണത്തിൽ നഷ്ടപ്പെട്ട 80 പവൻ സ്വർണം പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ ഫലക് വീട്ടിൽ 30 വയസുള്ള ഇസ്മയിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ആറ് മോഷണകേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.ഒഴിഞ്ഞ വീടുകൾ കണ്ടെത്തി നിരീക്ഷിച്ച ശേഷം മോഷണം നടത്തുകയാണ് രീതി.നേരത്തെ മോഷണത്തിന് പിടിക്കപ്പെട്ട് ജയിൽ ശിക്ഷയനുഭവിച്ച ശേഷം ഡിസംബർ 2നാണ് ഇയാൾ പുറത്തിറങ്ങിയത്.

ഇക്കഴിഞ്ഞ ജനുവരി 1നാണ് കുന്നംകുളം തൃശൂർ റോഡിലെ ശാസ്ത്രി നഗറിൽ എൽഐസി ഉദ്യോഗസ്ഥയായ ദേവിയുടെ വീട്ടിൽ ഇയാൾ മോഷണം നടത്തിയത്.സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.സിറ്റി പൊലീസ് കമ്മീഷണറുടെ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കുന്നംകുളം എസിപി ടിഎസ് സിനോജ്, ഇൻസ്‌പെക്ടർ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.