തിരുവനന്തപുരം: പ്രതിയെ അന്യായമായി തടങ്കലിൽെവച്ചതിന് സൈബർ പൊലീസ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജിനും സഹപ്രവർത്തകനുമെതിരേ കോടതി കേസെടുത്തു. പൃഥ്വിരാജിനു പുറമേ മുൻ കരമന ക്രൈം എസ്‌ഐ. ആയിരുന്ന വത്സലനും കേസിൽ പ്രതിയാണ്. കരമന കാലടി സ്വദേശി വിനോദിന്റെ പരാതിയിലാണ് കേസ്.

തന്നെ അന്യായമായി കസ്റ്റഡിയിൽെവച്ച് അസഭ്യം പറഞ്ഞെന്ന പരാതിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സുമി പി.എസ്. ആണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. പൃഥ്വിരാജ് തമ്പാനൂർ സിഐ. ആയിരിക്കുമ്പോഴായിരുന്നു സംഭവം. വിനോദിന്റെ അയൽവാസി മരിച്ച കേസിൽ വിനോദിനെയും മാതാവിനെയും പ്രതിയാക്കി കേസ് എടുക്കുകയും വിനോദിനെ രണ്ടു ദിവസം അന്യായമായി കസ്റ്റഡിയിൽ സൂക്ഷിക്കുകയും ചെയ്തുവെന്നാണ് പരാതി.

പ്രതികൾക്കെതിരേ ഗൂഢാലോചന, അന്യായമായി തടങ്കലിൽവയ്ക്കൽ, അസഭ്യംപറയൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. ഹൗസിങ് ബോർഡ് ജങ്ഷനിൽ വെച്ച് വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായി വഴക്ക് ഉണ്ടാക്കിയതിന്റെ പ്രതികാരമായി തനിക്കെതിരേ കള്ളക്കേസ് എടുത്തെന്നാണ് വിനോദ് ആരോപിക്കുന്നത്. 2016 സെപ്റ്റംബർ ഒൻപതിന് കസ്റ്റഡിയിൽ എടുത്ത വിനോദിനെ 12-നാണ് കോടതിയിൽ ഹാജരാക്കിയത്.