കോട്ടയം:ഓടിക്കൊണ്ടിരുന്ന കാറിന് മുകലിലക്ക് റോഡിന് സൈഡിൽ നിന്നിരുന്ന മരം വീണ് അപകടം.കെ.കെ റോഡിൽ മണർക്കാട്ടാണ് അപകടമുണ്ടായത്.മരം വീണ് കാറിന്റെ ഭൂരിഭാഗവും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് കെ.കെ.റോഡിൽ ഐരാറ്റുനടയിലുള്ള ഫർണീച്ചർ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറിനു മുകളിലേക്ക് പതിച്ചത്.കോട്ടയം വടവാതൂർ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

കാറിന്റെ മുൻഭാഗത്ത് ഇലകൾ ഉൾപ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകൾ കൂടാതെ യാത്രക്കാർക്ക് രക്ഷപെടാൻ സാധിച്ചത്. എന്നാൽ, വാഹനം ഏറെക്കുറെ തകർന്നു. വടവാതൂർ സ്വദേശി ബ്രയാനാണ് കാർ ഓടിച്ചിരുന്നത്.

ഫയർഫോഴ്‌സ് അധികൃതരെത്തി മരം മുറിച്ചുമാറ്റി. തടിയിലുള്ള കേട് മൂലമാണ് മരം ചുവട് മറിഞ്ഞ് വീണത്. അപകടത്തെ തുടർന്ന് ദേശീയ പാത 183 കെ.കെ റോഡിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.