കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറത്തിന്റെ ട്രയിലർ പുറത്തിറങ്ങി.ഒരു കൊച്ചുകുട്ടിയുടെ സൂപ്പർ ഹീറോ അയ്യപ്പനെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.'മാളികപ്പുറം തനിക്ക് സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണെന്നാണ് ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങിയ ശേഷം ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്.ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കുള്ള എന്റെ സമർപ്പണമാണ് മാളികപ്പുറം.എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകൾകൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററിൽ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നുവെന്നും ട്രെയിലർ പുറത്തിറക്കിക്കൊണ്ട് ഉണ്ണി മുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നത് ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ്.മലയാളത്തിലെ രണ്ട് പ്രബല നിർമ്മാണ കമ്പനികൾ ചേർന്നാണ് നിർമ്മാണം.ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‌ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശശി ശങ്കർ.എഡിറ്റർ- ഷമീർ മുഹമ്മദ്, ക്യാമറാമാൻ- വിഷ്ണു നാരായണൻ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്,കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് 'മാളികപ്പുറം' എന്ന ചിത്രം പറയുന്നത്. ചിത്രീകരണ വേളയിൽ പന്തളം രാജകുടുംബാംഗങ്ങൾ ലൊക്കേഷൻ സന്ദർശിച്ചതും വാർത്തയായിരുന്നു.