തിരുവനന്തപുരം: ചാരക്കേസ് വ്യാജമാണെന്ന് തെളിഞ്ഞതാണ്. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ സമാനതകളില്ലാത്ത പോരാട്ടവും മലയാളി കണ്ടു. എന്നാല്‍ ചാരക്കേസിന്റെ ആരംഭ കാലത്ത് കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. അന്ന് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി കെ കരുണാകരനെ വെട്ടിലാക്കിയ ആക്ഷേപങ്ങള്‍. കരുണാകരന്റെ അതിവിശ്വസ്തനായ പോലീസ് ഐജി രമണ്‍ ശ്രീവസ്തവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ വിശ്വസ്തനെ കൈവിടാന്‍ കരുണാകരന്‍ തയ്യറായില്ല. അതിന്റെ ഫലമായിരുന്നു കരുണാകരന് പിന്നീട് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാക്കിയതെന്ന വിലയിരുത്തലും സജീവം. ഈ വിശ്വസ്തരോടുള്ള കരുതല്‍ 2024ലും തുടരുകയാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരക്ഷകന്‍. പോലീസില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന് വേണ്ടിയാണ് കരുതല്‍. പക്ഷേ സിപിഐയുടെ എതിര്‍പ്പില്‍ മുഖ്യമന്ത്രി തളരുകയാണ്. അതുകൊണ്ട് തന്നെ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റും.

ആര്‍ എസ് എസ് കൂടിക്കാഴ്ചയാണ് അജിത് കുമാറിന് വിനയാകുന്നത്. സാങ്കേതിക അര്‍ത്ഥത്തില്‍ അജിത് കുമാറിനെ കുടുക്കാനുള്ളതൊന്നും ആ കൂടിക്കാഴചയില്‍ ഇല്ല. ആര്‍ എസ് എസ് നേതാക്കളുമായി സ്വകാര്യ സംഭാഷണം നടത്തുന്നതിനെ ആര്‍ക്കും നിയമപരമായി ചോദ്യം ചെയ്യാനും കഴിയില്ല. എന്നാല്‍ ഇടതു ഭരണമുള്ള കേരളത്തില്‍ ആര്‍ എസ് എസുകാരുമായുള്ള എഡിജിപിയുടെ സൗഹൃദത്തിന് രാഷ്ട്രീയ നയപരമായ പ്രശ്‌നങ്ങളുണ്ട്. എപ്പോള്‍ വേണമെങ്കിലും ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ മാറ്റാനും പുതിയൊരാളെ നിയമിക്കാനും സര്‍ക്കാരിന് കഴിയും. അതിന് നിയമപരമായോ സാങ്കേതിക പരമായോ പ്രശ്‌നമില്ല. കുറ്റരോപണം പോലുമില്ലാതെ അജിത് കുമാറിനെ താക്കോല്‍ സ്ഥാനത്ത് നിന്നും മാറ്റാം. എന്നിട്ടും രമണ്‍ ശ്രീവാസ്തവയ്ക്ക് വേണ്ടി കരുണാകരന്‍ ഉയര്‍ത്തിയ അതേ പ്രതിരോധം പിണറായിയും എടുത്തു. ശ്രീവാസ്തവയെ കരുണാകരന്‍ സസ്‌പെന്റ് ചെയ്തുവെന്നതാണ് ചരിത്രം. അതേ ശ്രീവാസ്തവ പിന്നീട് കുറ്റവിമുക്തി നേടി ഇന്ത്യയുടെ അതിര്‍ത്തി കാക്കും സേനയായ ബി എസ് എഫിനെ നയിച്ചുവെന്നതും ചരിത്രം. ചാരക്കേസ് പുകയായി മാറുകയും ചെയ്തു.

സമര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശ്രീവാസ്തവയെ കരുണാകരന്‍ സസ്‌പെന്റ് ചെയ്തു. എന്നാല്‍ 2024ല്‍ പിണറായിയുടെ അതിവിശ്വസ്തന് അത്ര കടുത്ത നടപടിയെ നേരിടേണ്ടി വരില്ല. ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ സസ്‌പെന്റ് ചെയ്താല്‍ അത് നിയമ പോരാട്ടമായി മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റും. പകരം കസേരയിലാണ് ആലോചനകള്‍ നടക്കുന്നത്. ഒരു പക്ഷേ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപി കസേരയില്‍ അജിത് കുമാറിനെ തുടരാന്‍ അനുവദിച്ചേക്കും. സിപിഐയുടെ സമാനതകളില്ലാത്ത എതിര്‍പ്പാണ് ഇതിന് പോലും കാരണമായി മാറുന്നത്. അജിത് കുമാര്‍ വിഷയത്തില്‍ ഇടതു മുന്നണി വിടുന്നത് പോലും സിപിഐയ്ക്ക് പരിഗണിക്കേണ്ട സാഹചര്യമുണ്ടായി. തൃശൂരില്‍ തോറ്റത് സിപിഐയുടെ ജനകീയ മുഖമായ വിഎസ് സുനില്‍കുമാറാണ്. ഇതിന കാരണം തൃശൂര്‍ പൂരം കലക്കലാണെന്നും എഡിജിപിയാണ് അതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെതിരെ പേരിനെങ്കിലുമൊരു മാറ്റം സിപിഐയുടെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യകത കൂടിയായി മാറി എന്നതാണ് വസ്തുത.

സി.പി.ഐ. ശക്തമായി എതിര്‍ത്തിട്ടും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിട്ടില്ലെന്നതാണ് വസ്തുത. ആര്‍.എസ്.എസ്. നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയത് പരസ്യമായി സമ്മതിച്ചിട്ടും അജിത്കുമാര്‍ ക്രമസമാധാനച്ചുമതലയില്‍ തുടരുന്നത് സി.പി.ഐ.ക്കും ക്ഷീണമാണ്. ബുധനാഴ്ച രാത്രി സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. പരമാവധി സമ്മര്‍ദം ചെലുത്തിയിട്ടും വകുപ്പുതല അന്വേഷണറിപ്പോര്‍ട്ട് ലഭിക്കുംവരെ നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഈ റിപ്പോര്‍ട്ട് കിട്ടുന്നതോടെ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കേണ്ടി വരും. സാധാരണ നിലയില്‍ ആരോപണം വന്നപ്പോള്‍ തന്നെ അജിത് കുമാറിനെ മാറ്റേണ്ടതായിരുന്നുവെന്നാണ് വിലയിരുത്തല്‍. സിപിഎമ്മില്‍ പോലും ഈ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ വിശ്വസ്തന് വേണ്ടി പിണറായി അവസാന നിമിഷം വരേയും പ്രതിരോധം തീര്‍ത്തു. തനിക്ക് ആവുന്നതെല്ലാം താന്‍ ചെയ്തുവെന്ന സന്ദേശം അജിത് കുമാറിന് മുഖ്യമന്ത്രി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന് മുന്നോടിയായി ഘടകകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. പൂരം കലക്കല്‍ കേസില്‍ ത്രിതല അന്വേഷണം ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി മന്ത്രിമാരെ അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തില്‍ അന്വേഷണതീരുമാനം മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചത്. ഇത് മന്ത്രിമാര്‍ അംഗീകരിക്കുകയായിരുന്നു. ആര്‍.എസ്.എസ്. നേതാക്കളുമായി പോലീസ് ഉന്നതന്റെ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയതീരുമാനമാണ് ഉണ്ടാകേണ്ടതെന്നതിലാണ് ആദ്യംമുതല്‍ സി.പി.ഐ.യുള്ളത്. സ്വകാര്യസന്ദര്‍ശനമെന്നു പറഞ്ഞ് അജിത്കുമാര്‍തന്നെ വകുപ്പുതലനടപടിയെ പ്രതിരോധിക്കുന്നുണ്ട്. ഇതിനെ അംഗീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പോലും കഴിഞ്ഞില്ലെന്നതാണ് വസ്തുത.

കരുണാകരന്‍, ശ്രീവാസ്തവ, എംആര്‍ അജിത് കുമാര്‍, എഡിജിപി, പിണറായി വിജയന്‍, പിവി അന്‍വര്‍