മുണ്ടൂർ: കഴിഞ്ഞ ദിവസം വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവം വിരൽ ചൂണ്ടുന്നത് മറ്റ് ചില പ്രത്യാഘാതങ്ങളിലേക്ക്.കാട്ടുപന്നിയെ കുടുക്കാൻ പാടത്തുവച്ച വൈദ്യുതിക്കെണിയിൽ കുരുങ്ങിയാണ് കാട്ടാനയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്.സമീപത്തെ കൃഷിയിടത്തോടു ചേർന്നു 300 മീറ്ററോളം നീളത്തിൽ വൈദ്യുതിക്കമ്പി കൊണ്ടു കെണിയൊരുക്കിയതായി കണ്ടെത്തി. പാടത്ത് ശീമക്കൊന്നയുടെ വടികൾ കുത്തിയ ശേഷം അതിൽ ഇരുമ്പുകമ്പി ചുറ്റി വൈദ്യുതി പോസ്റ്റിൽ നിന്നു നേരിട്ടു ബന്ധപ്പെടുത്തുകയായിരുന്നു.

കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരമയാണ് വൈദ്യുത വേലികൾ സ്ഥാനപിക്കുന്നത് എങ്കിലും ഇപ്പോൾ ആ രക്ഷാമാർഗ്ഗം വനപാലകർക്കുൾപ്പടെ ഭീഷണിയാവുകയാണ്.മുട്ടറ്റം ഉയരത്തിലുള്ള കെണി മനുഷ്യനും അപകടകരമാകുന്ന രീതിയിലാണു വച്ചിരുന്നത്.നാട്ടിലിറങ്ങുന്ന ആനയെ തുരത്താൻ പാതിരാത്രിയിലും പുലർച്ചെയും പാടത്തേക്കും തോട്ടങ്ങളിലേക്കും ഓടിപ്പോകേണ്ടിവരും. വഴി നീളെ ഇങ്ങനെ കെണിയൊരുക്കിയിട്ടുണ്ടെങ്കിൽ എങ്ങനെ വിശ്വസിച്ചു ജോലി ചെയ്യുമെന്നാണ് വനംവകുപ്പ് ജീവനക്കാർ പങ്കുവയ്ക്കുന്ന ആശങ്ക.

പലപ്പോഴും പാടത്തിന്റെ നടുവിൽ നിൽക്കുന്ന ആനയെ തുരത്തുന്നതിൽ മാത്രമായിരിക്കും ശ്രദ്ധ. ഇതിനിടെ വരമ്പിലെ ചതി കാണാൻ കഴിയില്ല.വൈദ്യുതിക്കെണി മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം ഒരുപോലെ അപകടമാണ്. കാട്ടുപന്നിയെ പിടികൂടാൻ പാടത്തു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് അടുത്ത കാലത്താണു മുട്ടികുളങ്ങര പൊലീസ് ക്യാംപിലെ 2 പൊലീസുകാരുടെ ജീവൻ പൊലിഞ്ഞത്. ഇന്നലെ അപകടം ഉണ്ടായ സ്ഥലത്തുനിന്ന് ഏറെ അകലെയല്ലാതെയാണ് ആ ദുരന്തം നടന്നത്.

കർഷകർ മെയ്‌ക്കാൻ വിടുന്ന കന്നുകാലികൾക്കും ഭീഷണിയാണ് ഇത്തരത്തിലുള്ള കെണി. വൈദ്യുതി ദുരുപയോഗം ചെയ്യുന്ന ഇത്തരം നടപടികൾ തടയാൻ ജാഗ്രത പുലർത്തുമെന്നു കെഎസ്ഇബി അസി.എൻജിനീയർ കെ.മണികണ്ഠൻ പറഞ്ഞു. സബ് എൻജിനീയർ പി.രമേഷ്, ഓവർസീയർ എം.സി.ആനന്ദൻ എന്നിവരും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.വന്യമൃഗശല്യം നിയന്ത്രിക്കുകയല്ല, വേട്ട തന്നെയാണു വൈദ്യുതിക്കെണി കൊണ്ടു പലരും ലക്ഷ്യമിടുന്നതെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.

കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘം സജീവമായതായി വനംവകുപ്പ് സംശയിക്കുന്നു.രാത്രി കെണി ഒരുക്കി മറയുന്ന ഇവർ പുലർച്ചെ സാധനങ്ങളെല്ലാം മാറ്റും.ഇതാണ് കൂടുതൽ അപകടം. പകൽസമയത്ത് ഇത്തരം വേലികൾ ഇല്ലാത്തതിനാൽ തന്നെ സംഭവം ആരുടെയും ശ്രദ്ധയിൽ പെടുന്നുമില്ല.പല പ്രദേശങ്ങളിലും അപരിചതരായ പലരും വനാതിർത്തി ഗ്രാമങ്ങളിൽ എത്തുന്നുണ്ട്.ഇവർ കെണിയൊരുക്കിയ ശേഷം കിട്ടുന്ന ഇരകളെ രാത്രി തന്നെ വാഹനത്തിൽ കടത്തും. എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമാണു പുറംലോകം അറിയുന്നതെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.

ഒലവക്കോട് റേഞ്ചിൽ മുണ്ടൂർ സെക്ഷനിൽ ഉൾപ്പെടുന്ന തേക്ക് പ്ലാന്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.പാലക്കാട്ടു താമസിക്കുന്ന സഹോദരങ്ങളുടെ ഭൂമിയാണ് ഇതോടു ചേർന്നുള്ളത്. ഈ ഭൂമി പാട്ടത്തിനെടുത്തു നെൽക്കൃഷി ചെയ്യുന്ന വ്യക്തിയെ വനംവകുപ്പു ചോദ്യം ചെയ്തു. പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.ഒലവക്കോട് റേഞ്ച് ഓഫിസർ വി.വിവേകിന്റെ നേതൃത്വത്തിലാണു അന്വേഷണം.

നിയമവിരുദ്ധമായി വൈദ്യുതി ചോർത്തിയതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസും കേസെടുക്കും. പ്രദേശത്തു കാട്ടാനശല്യം രൂക്ഷമാണെന്നും ഇന്നലെ ചരിഞ്ഞ കാട്ടാന ഉൾപ്പെട്ട സംഘം ദിവസങ്ങളായി പ്രദേശത്തുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു.വന്യജീവി സംരക്ഷണ നിയമം 1972 അനുസരിച്ച് വിവിധ ഷെഡ്യൂളുകളിൽ ഉൾപ്പെടുന്ന മൃഗങ്ങളെ കൊല്ലുന്നത് 3 മുതൽ 7 വർഷം വരെ കഠിന തടവു കിട്ടാവുന്ന കുറ്റമാണ്. 1000 രൂപ മുതൽ 25,000 രൂപവരെ പിഴയും ഈടാക്കും.

വൈദ്യുതിക്കെണി മാത്രമല്ല കല്ലെറിഞ്ഞു കൊന്നാൽ പോലും മൃഗവേട്ട എന്ന പരിധിയിൽ വരും. ഷെഡ്യൂൾ രണ്ടിൽ(പാർട്ട് 3) ഉൾപ്പെടുന്ന കൊക്ക്, കുളക്കോഴി പോലെയുള്ളവരെ പക്ഷികളെ കൊലപ്പെടുത്തിയാൽ മൂന്നു വർഷം തടവ് ലഭിക്കും. നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിലാണ് ആന, കടുവ, പുലി പോലെയുള്ളവ ഉൾപ്പെടുന്നത്. ഇവയെ കെണിവച്ചു കൊന്നാലോ വേട്ടയാടി കൊന്നാലോ 7 വർഷം കഠിന തടവ്. ഷെഡ്യൂൾ മൂന്നിൽ ഉൾപ്പെടുന്ന പന്നി പോലെയുള്ള മൃഗങ്ങളെ കൊന്നാൽ 3 വർഷം കഠിന തടവ് ലഭിക്കും.