കൊച്ചി: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് ബികോം അവസാനവർഷ വിദ്യാർത്ഥിനി ആർ നമിതയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലിയാണ് നാടും കാമ്പസും നൽകിയത്. പഠനത്തിൽ മിടുമിടുക്കിയായിരുന്നു നമിത. അവൾ തങ്ങൾക്കാ താങ്ങാകുമെന്ന് കരുതിയ മാതാപിതാക്കളുടെ ഹൃദയം തകർത്താണ് അപകടവാർത്ത എത്തിയത്. ഇതോടെ വാളകത്തെ വീട്ടിൽ ഹൃദയം തകരുന്ന നിലവിളികളായിരുന്നു എങ്ങും.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. ബുധനാഴ്ച ബികോം അഞ്ചാം സെമസ്റ്റർ പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തിലായിരുന്നുവെന്ന് അദ്ധ്യാപകരും കൂട്ടുകാരും പറഞ്ഞു. പഠനത്തിലടക്കം നമിത മാതൃകയായിരുന്നുവെന്ന് വകുപ്പുതലവൻ ഡോ. സോണി കുര്യാക്കോസും മറ്റ് അദ്ധ്യാപകരും പറഞ്ഞു.

അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് ബികോം അവസാനവർഷ വിദ്യാർത്ഥിനി ആർ നമിതയ്ക്ക് കുടുംബാംഗങ്ങളും കൂട്ടുകാരും അദ്ധ്യാപകരും നാടും വേദനയോടെ വിടചൊല്ലി. മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. ഇന്നലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ആദ്യമെത്തിച്ചത് കോളേജിലേക്കായിരുന്നു.

അടുത്തദിവസം കാണാമെന്നു പറഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കൂട്ടുകാരിയെ ഈ നിലയിൽ കാണാൻ അശക്തരായിരുന്നു സുഹൃത്തുക്കൾ. ശിഷ്യയുടെ വേർപാടിൽ അദ്ധ്യാപകരും കണ്ണീർപൊഴിച്ചു. ക്ലാസ്മുറികളിൽനിന്നും വരാന്തയിൽനിന്നും തേങ്ങലുകളുയർന്നു. അവസാനമായി ഒരുനോക്കു കാണാൻ നമിതയ്ക്ക് അരികിലെത്തിയ പലരുടെയും അതുവരെ അടക്കിപ്പിടിച്ച സങ്കടം നിലവിളിയായി.

കൂട്ടുകാരും അദ്ധ്യാപകരും അനധ്യാപകരും ഉൾപ്പെടെ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് വാളകത്തെ വീട്ടിലേക്ക്. കോളേജിൽ പരീക്ഷയെഴുതാൻ പോയ മകളുടെ ജീവനറ്റ ശരീരം കണ്ട അമ്മ ഗിരിജയുടെയും സഹോദരി നന്ദിതയുടെയും നിലവിളി ഹൃദയഭേദകമായി. നമിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ നാടൊന്നാകെ ആ വീട്ടിലേക്കെത്തി. സംസ്‌കരിക്കാനായി മൃതദേഹം വീട്ടിൽനിന്നെടുത്തപ്പോൾ അതുവരെ സങ്കടം ഉള്ളിലൊതുക്കി നിന്നിരുന്ന അച്ഛൻ രഘു പൊട്ടിക്കരഞ്ഞു. 'മോൾ പോകുന്നു ഗിരിജേ'യെന്ന് നിലവിളിച്ച രഘുവിനെ കോളേജ് അദ്ധ്യാപകരും ബന്ധുക്കളും ചേർത്തുപിടിച്ചു.

അപകടത്തിന് ദൃക്‌സാക്ഷികളാകേണ്ടി വന്നവർക്കും നടക്കം മാറിയിട്ടില്ല. 'നമിതയും സുഹൃത്തും തെറിച്ചുവീഴുന്നതാണ് കണ്ടത്. അപകടം കണ്ട് ആദ്യം പകച്ചെങ്കിലും ഓടി അവർക്കരികിലെത്തി. നമിതയെ എടുത്തപ്പോഴേക്കും കോളേജിലെതന്നെ വിദ്യാർത്ഥിയായ പ്രണവും ഓടിയെത്തി. പി ജി വിദ്യാർത്ഥിയുടെ കാറിൽ ആശുപത്രിയിലേക്ക് കുതിച്ചു. പക്ഷേ... ടോമി സാബു കണ്ണീരോടെ പറഞ്ഞു.

രക്ഷാപ്രവർത്തനം ആദ്യം നടത്തിയത് ടോമിയുടെയും പ്രണവിന്റെയും നേതൃത്വത്തിലായിരുന്നു. നിർമല കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. പിന്നാലെ വിദ്യാർത്ഥികളും നാട്ടുകാരുമെത്തി. 'ആൻസൻ അമിതവേഗത്തിൽ ആദ്യം ഇതുവഴി പോയിരുന്നു. അപ്പോൾ വഴക്കുപറഞ്ഞ. പിന്നീട് ഇയാൾ അതിവേഗത്തിൽ ഓടിച്ചെത്തി. ഓട്ടോയെയും മറികടന്നു. തുടർന്നാണ് നമിതയെയും കൂട്ടുകാരി അനുശ്രീയെയും ഇടിച്ചത്'- വിദ്യാർത്ഥികൾ പറഞ്ഞു.

അനുശ്രീയെ അദ്ധ്യാപകന്റെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബൈക്ക് ഓടിച്ച ആൻസൻ നിർത്തിയിട്ട സ്വകാര്യബസിന് അടിയിലേക്കാണ് തെറിച്ചുവീണത്. ഇയാളെയും ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ നടുക്കത്തിലും സഹപാഠി നഷ്ടമായതിന്റെ സങ്കടത്തിലുമാണ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും.

അതേസമയം മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി ആർ നമിത ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് ആൻസൻ റോയി (21)ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഇയാളുടെ ലൈസൻസ് റദ്ദാക്കും. ആൻസൻ അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ചാണ് നമിത മരിച്ചത്. നമിതയോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി അനുശ്രീ രാജിനെയും ബൈക്ക് ഇടിച്ചു തെറിപ്പിച്ചിരുന്നു. ബുധൻ വൈകിട്ടായിരുന്നു സംഭവം. ആൻസൻ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടസമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ പ്രതിയാണിയാൾ. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് നമിതയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ആൻസന്റെ ബൈക്ക് പിടിച്ചെടുത്തു. അപകടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച ബസ് കണ്ടെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി രക്തസാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ചികിത്സയിലുള്ള ആൻസനെ ചോദ്യംചെയ്യുമെന്നും അറസ്റ്റ് അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ പി എം ബൈജു പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ അനുശ്രീ രാജിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. കൈകാലുകൾക്കും ഇടുപ്പിനുമാണ് പരിക്ക്.