1939 ല്‍ ജര്‍മ്മനിയുടെ ടാങ്കുകളും കവചിത വാഹനങ്ങളുമെല്ലാം പോളണ്ടിലേക്ക്് ഇരച്ചു കയറിയ കാലഘട്ടത്തില്‍ അവിടെ നിന്ന് അതിപ്രശസ്തനായ ഒരു ചിത്രകാരന്‍ തന്റെ സിനിമാ താരമായ ഭാര്യയും ഒത്ത് രാജ്യം വിട്ടു. കൈവശം ഉണ്ടായിരുന്ന ആഭരണങ്ങളുമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റെഫാന്‍ നോര്‍ബിന്‍ എന്ന പ്രശസ്തനായ ചിത്രകാരനാണ് തന്റെ ഭാര്യയും അന്നത്തെ പ്രമുഖ സിനിമാതാരവും ആയിരുന്ന ലെനയും ഒത്ത് പോളണ്ടില്‍ നിന്ന് രക്ഷപ്പെട്ടത്.

പുതിയതായി പണി തീര്‍ത്ത് കൊണ്ടിരുന്ന മനോഹരമായ ബംഗ്ലാവും തന്റെ വിലമതിക്കാനാകാത്ത പെയിന്റിംഗുകളും എല്ലാം ഉപേക്ഷിച്ചാണ് ഇരുവരും ജീവനും കൊണ്ട് പോളണ്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. അമേരികകയില്‍ അഭയം തേടാനാണ് അവര്‍ തീരുമാനിച്ചിരുന്നത് ഇതിന്റെ ഭാഗമായി ആദ്യം അവര്‍ റുമേനിയയിലും തുര്‍ക്കിയിലും ഇറാഖിലും പോയെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇന്ത്യയിലാണ്. ആറ് വര്‍ഷമാണ് അവര്‍ ഇന്ത്യയില്‍ താമസിച്ചത്. ഈ കാലയളവിലെ താമസത്തിനിടയില്‍ സ്റ്റെഫാന്‍ പല നാട്ടുരാജാക്കന്‍മാരുമായി പരിചയപ്പെടുകയും തുടര്‍ന്ന് അവിടെയെല്ലാം അദ്ദേഹം പെയിന്റിംഗുകള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു.

ഇവയെല്ലാം തന്നെ പാശ്ചാത്യ-പൗരസ്ത്യ ചിത്രകലകളുടെ മികച്ചൊരു മിശ്രണം ആയി മാറുകയും ചെയ്തു. 1941 മുതല്‍ 1946 വരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന സമയത്ത് സ്റ്റെഫാന്‍ നോര്‍ബിന്‍ നിരവധി രാജാക്കന്‍മാര്‍ക്കായി ചിത്രങ്ങള്‍ വരയ്ക്കുക മാത്രമല്ല പല കൊട്ടാരങ്ങളുടേയും ഇന്റീരിയര്‍ ഡിസൈനിംഗും നിര്‍വ്വഹിക്കുകയും ചെയ്തു. ഹിന്ദു ദൈവങ്ങളുടെ ജീവന്‍ തുടിച്ചു നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ അദ്ദേഹം രാജകുടുംബങ്ങള്‍ക്കായി വരച്ചു. കൂടാതെ ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാസന്ദര്‍ഭങ്ങളും നോര്‍ബിന്റെ ചിത്രങ്ങളായി അവതരിച്ചു. ഇന്ത്യയിലെ വന്യമൃഗങ്ങളുടെ പെയിന്റിംഗുകളും നിരവധിയായി അദ്ദേഹം വരച്ചു. രാജസ്ഥാനിലെ ജോഡ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ നോര്‍ബിന്റെ നിരവധി പെയിന്റിംഗുകള്‍ ഉണ്ട്.

ഈ കൊട്ടാരം ഇന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്. ഗുജറാത്തിലെ മോര്‍ബിയിലെ രാജകൊട്ടാരത്തിലും അദ്ദേഹത്തിന്റെ നിരവധി പെയിന്റിംഗുകള്‍ ഉണ്ട്. ബീഹാറിലെ രാംഗഡിലെ മഹാരാജാവിന് വേണ്ടിയും നോര്‍ബിന്‍ പല പെയിന്റിംഗുകളും ചെയ്തു എങ്കിലും അവയില്‍ പലതും നഷ്ടപ്പെട്ടതായി നോര്‍ബിന്റെ രചനകളെ കുറിച്ച് ഗവേഷണം നടത്തുകയും ചിത്രാഞ്ജലി എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ചെയ്ത ക്ലോസ് ഉള്‍റിച്ച് സൈമണ്‍ പറയുന്നു. പോളണ്ടിലെ വാഴ്സയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച നോര്‍ബിന്റെ പിതാവ് വന്‍കിട വ്യവസായി കൂടി ആയിരുന്നു.

മകനും തന്റെ പാതയില്‍ തുടരണമെന്നാണ് പിതാവും ആഗ്രഹിച്ചത്. എന്നാല്‍ ചിത്രകലയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അദ്ദേഹം യൂറോപ്പിലെ പല പ്രുഖ ചിത്രകാരന്‍മാരുടേയും അടുത്ത് നിന്നാണ് ചിത്രകല അഭ്യസിച്ചത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്നാണ് നോര്‍ബിന്‍ സ്വന്തം രാജ്യം വിട്ടത്. ഇന്ത്യയിലെത്തിയ ദമ്പതികള്‍ ആദ്യം എത്തിയത് മുംബൈയിലാണ്. യൂറോപ്പില്‍ അക്കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന ചിത്രകലയിലെ ഡെക്കോ സ്റ്റൈല്‍ ഇന്ത്യയില്‍ അന്ന് വേണ്ടത്ര പ്രചാരം നേടിയിരുന്നില്ല. നോര്‍ബിന്റെ പല ചിത്രങ്ങളും ഇപ്പോള്‍ പോളണ്ട് സര്‍ക്കാര്‍ സംരക്ഷിക്കാനുളള നടപടികള്‍ തുടരുകയാണ്. ഇന്ത്യയില്‍ ആറ് വര്‍ഷം ജീവിച്ചതിന് ശേഷം നോര്‍ബിന്‍ ദമ്പതികള്‍ അമേരിക്കയിലേക്ക് പോയി.

എന്നാല്‍ ഇന്ത്യയില്‍ ലഭിച്ചത് പോലെ ഒരു വരവേല്‍പ്പ് അദ്ദേഹത്തിന് ലഭിച്ചില്ല. നോര്‍ബിന്റെ കാഴ്ച മങ്ങിയതും ചിത്രരചനയെ പ്രതികൂലമായി ബാധിച്ചു. ക്രമേണ അദ്ദേഹം വിഷാദരോഗത്തിന് അടിമയായി മാറി. ഇത് നോര്‍ബിന്‍ സ്വയം ജീവനൊടുക്കുന്നതില്‍ കൊണ്ടെത്തിക്കുകയും ചെയ്തു.