സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കയില്‍ നിന്നുള്ള ഗവേഷകരായ വിക്ടര്‍ ആംബ്രോസിനും ഗാരി റുവ്കുനും. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനും പോസ്റ്റ് ട്രാന്‍സ്‌ക്രിപ്ഷനല്‍ ജീന്‍ നിയന്ത്രണത്തിലെ അതിന്റ പങ്ക് സംബന്ധിച്ച പഠനത്തിനുമാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹമായതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.

മൈക്രോ ആര്‍.എന്‍.എ. കണ്ടെത്തുകയും ജീന്‍ പ്രവര്‍ത്തനം ശരീരത്തില്‍ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കുകയും ചെയ്തതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്. വിക്ടര്‍ ആമ്പ്രോസ് നിലവില്‍ മസാച്ചുസെറ്റ്‌സ് മെഡിക്കല്‍ സ്‌കൂളില്‍ നാച്ചുറല്‍ സയന്‍സ് പ്രൊഫസറാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനറ്റിക്‌സ് പ്രൊഫസറാണ് ഗാരി റുവ്കുന്‍.

ശരീരത്തില്‍ എല്ലാ കോശങ്ങളിലും സമാനമായ ജനിതകദ്രവ്യമാണുള്ളത്. എങ്കിലും, പേശീകോശങ്ങള്‍, സിരാകോശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തയിനം കോശങ്ങള്‍ ശരീരത്തില്‍ രൂപപ്പെടുന്നു. അതിന്റെ കാരണം തേടിയാല്‍, നാമെത്തുക ജീന്‍ ക്രമപ്പെടുത്തല്‍ (gene regulation) എന്ന പ്രക്രിയയിലേക്കായിരിക്കും. ഓരോയിനം കോശങ്ങളിലും ആവശ്യമായ ജീനുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതാണ് ഈ ക്രമപ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

എങ്ങനെ വ്യത്യയിനം കോശങ്ങള്‍ രൂപപ്പെടുന്നു എന്നറിയാന്‍ ശ്രമിച്ചവരാണ് ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍. ആ അന്വേഷണത്തിനിടെയാണ് അംബ്രോസും റോവ്കിനും 'മൈക്രോ ആര്‍എന്‍എ' (microRNA) കണ്ടുപിടിച്ചത്. ചെറു ആര്‍.എന്‍.എകളുടെ വിഭാഗത്തില്‍ ഒന്നാണ് മൈക്രോ ആര്‍.എന്‍.എ. പുതിയ ആര്‍.എന്‍.എ. വിഭാഗത്തെ കണ്ടെത്തുക മാത്രമല്ല, ജീന്‍ ക്രമപ്പെടുത്തലില്‍ അവ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.

കൗതുകരമായ ഒരു സംഗതി, 2023-ലും ആര്‍.എന്‍.എയുമായി ബന്ധപ്പെട്ട മുന്നേറ്റത്തിനാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം നല്‍കപ്പെട്ടത് എന്നതാണ്. 'മെസഞ്ചര്‍ ആര്‍.എന്‍.എ.' (mRNA) യെ ന്യൂക്ലിയോസൈഡ് പരിഷ്‌കരണത്തിന് വിധേയമാക്കുക വഴി, കോവിഡ് 19-നെതിരെ ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കാന്‍ വഴിതുറന്ന കാത്തലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടത്.

ജീന്‍ നിയന്ത്രണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ചെറിയ ആര്‍എന്‍എ തന്മാത്രകളുടെ പുതിയ ക്ലാസ് മൈക്രോ ആര്‍എന്‍എ വിക്ടര്‍ ആംബ്രോസിനും ഗാരി റൂവ്കുനും കണ്ടെത്തി. ആയിരത്തിലധികം മൈക്രോആര്‍എന്‍എകള്‍ക്ക് മനുഷ്യ ജീനോം കോഡുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ അറിയാം.

ആംബ്രോസിന്റെയും റവ്കുന്റെയും ഉജ്വലമായ കണ്ടെത്തല്‍, മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ബഹുകോശ ജീവികള്‍ക്ക് അത്യന്താപേക്ഷിതമായ ജീന്‍ നിയന്ത്രണത്തിന്റെ തികച്ചും പുതിയ തത്വം വെളിപ്പെടുത്തിയതായി നൊബേല്‍ കമ്മിറ്റി പറഞ്ഞു.

ഇരുവരുടെയും ആശ്ചര്യകരമായ കണ്ടെത്തല്‍ ജീന്‍ നിയന്ത്രണത്തിന് തികച്ചും പുതിയൊരു മാനം വെളിപ്പെടുത്തി. ജീവികള്‍ എങ്ങനെ വികസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതിന് മൈക്രോആര്‍എന്‍എകള്‍ അടിസ്ഥാനപരമായി പ്രധാനമാണെന്ന് തെളിയിക്കുന്നതായും അക്കാദമി പറഞ്ഞു. വ്യത്യസ്ത കോശ തരങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്നതില്‍ വിക്ടര്‍ ആംബ്രോസിനും ഗാരി റൂവ്കുനും താല്‍പ്പര്യമുണ്ടായിരുന്നു.

സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് 1.1 മില്യണ്‍ ഡോളര്‍ (9.2 കോടി) സമ്മാനമായി ലഭിക്കും. മറ്റ് നൊബേല്‍ പുരസ്‌കാരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഖ്യാപിക്കും.ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10 ന് നടക്കുന്ന ചടങ്ങിലാകും ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിക്കുക. ആകെ 114 തവണയായി 227 പേര്‍ക്ക് ആരോഗ്യ രംഗത്തെ നൊബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ മാത്രമാണ് വനിതകള്‍. 8.3 കോടി ഇന്ത്യന്‍ രൂപയോളം ആണ് പുരസ്‌കാരത്തിനൊപ്പം ലഭിക്കുക.ഇരുവരും അമേരിക്കയില്‍ നിന്നുള്ള ഗവേഷകര്‍