തിരുവനന്തപുരം: ജനപ്രതിനിധികൾക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാർക്ക് നൽകാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് കിറ്റ് നൽകാനാണ് സപ്ലൈകോയുടെ തീരുമാനം.

കഴിഞ്ഞ ഓണത്തിന് ഏതാണ്ട് 90 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകിയിരുന്നു. എന്നാൽ ഈ വർഷം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമാണ് കിറ്റ് നൽകാൻ തീരുമാനിച്ചത്. മഹാഭൂരിപക്ഷം ആളുകൾക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ തങ്ങൾക്കും വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

12 ഇനം 'ശബരി' ബ്രാൻഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകാനായിരുന്നു തീരുമാനം. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു.

ബോക്സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. വിതരണം ഇന്നു പൂർത്തിയായേക്കും.

അതേസമയം സംസ്ഥാനത്തെ എഎവൈ കാർഡ് ഉടമകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു.

കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ഇതുവരെ പകുതിയോളം പേർക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.