ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന പത്മ പുരസ്‌കാര വിതരണത്തിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ സൈബറിടത്തിൽ വൈറൽ. കർണാടകയിലെ മുതിർന്ന കരകൗശല കലാകാരൻ ഷാ റഷീദ് അഹ്മദ് ഖദ്രി പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം അദ്ദേഹത്തെ അഭിനന്ദിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിരിച്ചു കൊണ്ട് മോദി അടുത്തപ്പോൾ അദ്ദേഹത്തിന്റെ കരങ്ങൾ കവർന്നു കൊണ്ട് ഖദ്രി സംസാരിച്ചു.

അപ്പോഴാണ് എന്റെ ചിന്തകൾ തെറ്റാണെന്ന് നിങ്ങൾ തെളിയിച്ചുവെന്ന് പറഞ്ഞ് ഖദ്രി മോദിയുടെ കൈപിടിച്ചത്. ഇതിന്റെ വീഡിയോ വൈറലാണിപ്പോൾ. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം ഖദ്രിയെ പ്രധാനമന്ത്രി മോദി ഹസ്തദാനം ചെയ്യുന്നത് വിഡിയോയിൽ കാണാം.

''ബിജെപി സർക്കാരിന്റെ കാലത്ത് എനിക്ക് പത്മശ്രീ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് പത്മശ്രീ പുരസ്‌കാരം ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ എനിക്ക് ലഭിച്ചില്ല. ബിജെപി സർക്കാരിന്റെ കാലത്ത് അത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്റെ ചിന്തകൾ തെറ്റാണെന്ന് നിങ്ങൾ തെളിയിച്ചു. ഹൃദയംഗമമായ ഭാഷയിൽ നിങ്ങളോട് നന്ദി രേഖപ്പെടുത്തുന്നു''-എന്നാണ് ഖദ്രി പറഞ്ഞത്. ഇതിന് മന്ദസ്മിതത്തോടെ നമസ്‌തേ പറയുകയാണ് മോദി ചെയ്തത്.

കർണാടകയിൽ നിന്നുള്ള ബിദ്രിവെയർ കലാകാരനാണ് ഖ്വധേരി. പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കരകൗശലവസ്തുക്കളാണ് ബിദ്രിവെയറുകൾ. മൂന്ന് വിഭാഗങ്ങളിലായാണ് പത്മ പുരസ്‌കാരങ്ങൾ നൽകുന്നത്; പത്മ വിഭൂഷൺ, പത്മശ്രീ, പത്മ ഭൂഷൺ. 2019നു ശേഷം ആർക്കും ഭാരതരത്‌ന നൽകുകയുണ്ടായില്ല. അന്തരിച്ച യു.പി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ്, സുധ മൂർത്തി എന്നിവർ പത്മവിഭൂഷൺ പുരസ്‌കാരം നൽകിയവരിൽ ഉൾപ്പെട്ടിരുന്നു.

സുധ മൂർത്തിയുടെ മകളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യയുമായ അക്ഷത മൂർത്തിയും മുലായം സിങ് യാദവിന്റെ കുടുംബവും പുരസ്‌കാര ചടങ്ങിന് എത്തിയിരുന്നു.