പത്തനംതിട്ട: ഇന്ത്യന്‍ സൈന്യത്തോട് തങ്ങളുടെ കുടുംബം കടപ്പെട്ടിരിക്കുന്നതായി 1968 ല്‍ നടന്ന സൈനിക വിമാന അപകടത്തില്‍ മരിച്ച ഇലന്തൂര്‍ ഭഗവതിക്കുന്ന് ഒടാലില്‍ വീട്ടില്‍ തോമസ് ചെറിയാന്റെ കുടുംബാഗവും മല്ലശ്ശേരി ഇടവക വികാരിയും ഭദ്രാസന കൗണ്‍സില്‍ അംഗവുമായ ഫാ. ബിജി തോമസ് പറഞ്ഞു.

അതിര്‍ത്തി കാത്ത മനുഷ്യനെ രാജ്യവും സൈന്യവും ഇത്രയും കാലം തെരഞ്ഞു കണ്ടെത്തുന്നു എന്നത് വളരെ പ്രധാനമാണെന്നും യുവാക്കള്‍ക്ക് സൈനിക സേവനം ചെയ്യാന്‍ ഇത്തരത്തിലുള്ള പ്രചോദനം വലുതാണെന്നും സൈനികര്‍ക്ക് ആത്മാഭിമാനമുയര്‍ത്തുന്ന പ്രവര്‍ത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കാന്‍ സാധ്യതയില്ലെന്ന് കരുതിയ ഭൗതികശരീരം വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് ലഭിക്കുന്നു എന്നതില്‍ സമ്മിശ്ര വികാരമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

56 വര്‍ഷംമുമ്പ് വിമാനാപകടത്തില്‍ കാണാതായ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യത്തിന്റെയും സൈന്യത്തിന്റെയും യശസുയര്‍ത്തിയതാണെന്ന് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പറഞ്ഞു. ഇലന്തൂരില്‍ തോമസ് ചെറിയാന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

56 വര്‍ഷത്തിന് ശേഷവും തിരച്ചില്‍ നടത്തി സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്ത് മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന സംഭവം ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയായ ഈ സംഭവം സൈന്യത്തിന്റെയും സൈനികരുടെ കുടുംബാംഗങ്ങളുടെയും അത്മവീര്യം ഉയര്‍ത്തുമെന്നും അദ്ദെഹം അഭിപ്രായപ്പെട്ടു.