കൊച്ചി: മലയാളം സിനിമയിലും സൈബറിടത്തിലുമായി കുറച്ചുകാലമായി നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി നായകനായ മാളികപ്പുറം സിനിമ ഇതിനോടകം തന്നെ വൻ വിജയം നേടിക്കഴിഞ്ഞു. 50 കോടിയും പിന്നിട്ടാണ് സിനിമ കുതിക്കുന്നത്. ഇതിനിടെ സൈബറിടത്തിൽ ഉണ്ണി വിവാദതാരവുമായി. വ്‌ലോഗറെ തെറിവിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. എന്തായാലും മലയാള സിനിമയിൽ ഇതിനോടകം തന്നെ തന്റെ സ്ഥാനം നേടിയെടുക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്. ഗുജറാത്തിൽ വളർന്ന ശേഷമാണ് ഉണ്ണി മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത.

തന്റ ഗുജറാത്തിലെ അനുഭവങ്ങൾ ഇടയ്ക്കിടെ പങ്കിടാറുള്ള ഉണ്ണി മുകുന്ദൻ വീണ്ടും അനുഭവങ്ങൾ ഓർത്തെടുത്തു രംഗത്തുവന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓർത്തെടുക്കുകായാണ് ഉണ്ണി ഉണ്ണി മുകുന്ദൻ. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദൻ ചിരിയോടെ ചോദിക്കുന്നു. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

ഗുജറാത്തിൽ വളർന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം ഉണ്ണി മുകുന്ദൻ സംസാരിച്ചു.

'ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്‌സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണെന്നും ഉണ്ണി അഭിമുഖത്തിൽ പറഞ്ഞു. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.

ഗണേശ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്'- ഉണ്ണി മുകുന്ദൻ പറയുന്നു.

കേരളത്തിൽ നടക്കുന്ന ഗണേശോത്സവത്തിലും ഞാൻ പങ്കെടുക്കും. പക്ഷേ ഞാൻ ഇവിടെ പങ്കെടുത്താൽ അതൊരു രാഷ്ട്രീയ പ്രസ്താവനയായി മാറും. ഞാൻ ഇവിടെ എന്ത് ചെയ്താലും അതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തും. അതേസമയം ആളുകൾ എന്തെങ്കിലും പറയുമെന്ന് കരുതി പരിപാടികളിൽ പങ്കെടുക്കാതിരിക്കാനും പോകുന്നില്ല.

ഞാൻ തൃശ്ശൂരാണ് ജനിച്ചത്. വളർന്നത് അഹമ്മദാബാദിലാണ്. എനിക്ക് ഒരു ജീവിതം കിട്ടിയത് കേരളത്തിൽ നിന്നാണ്. അത് ഞാൻ മറക്കില്ല. ഗുജറാത്തിൽ എന്നെ സംബന്ധിച്ച് എനിക്ക് നല്ല ഓർമ്മകളുണ്ടെന്നും ഉണ്ണി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.

ദുബൈയിൽ വെച്ച് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഞാൻ കണ്ടു. സംസ്ഥാന മുഖ്യമന്ത്രിയെ ആണ് ഞാൻ കാണുന്നത്. ഞാൻ വിറക്കുകയായിരുന്നു. അന്ന് ആ കൂടിക്കാഴ്ചയുടെ ചിത്രം എനിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ സാധിച്ചു. അതുകൊണ്ട് ആ കൂടിക്കാഴ്ചയ്‌ക്കൊരു തെളിവുണ്ടായി.