കോഴിക്കോട്: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി. താന്‍ അവിചാരിതമായാണ് എ.ഡി.ജി.പിയെ കണ്ടതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നില്ല. അഞ്ചുമിനിറ്റില്‍ താഴെ സമയം മാത്രമാണ് സംസാരിച്ചതെന്നും തില്ലങ്കേരി പറഞ്ഞു. നാലു മണിക്കൂര്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്സിന്റെ പ്രാന്തീയ കാര്യകാരി സദസ്യനാണ് വത്സന്‍ തില്ലങ്കേരി.

കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ കാണാനായാണ് താന്‍ ഹോട്ടലില്‍ എത്തിയത്. അവിടെ വെച്ചാണ് അവിചാരിതമായി എം.ആര്‍. അജിത്കുമാറിനെ കണ്ടത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്. ആംബുലന്‍സ് തടഞ്ഞുവച്ച പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു എന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. ജിത്കുമാര്‍ വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രതിപക്ഷവും ഏറ്റെടുത്തിരുന്നത്.

ഓഗസ്റ്റ് നാലിന് കല്‍പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് വത്സന്‍ തില്ലങ്കേരി എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി.ക്കും കൈമാറിയിട്ടുണ്ട്. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. ഇതെല്ലാം പുതിയ സാഹചര്യത്തിലും ചര്‍ച്ചയായി. ഇതിനിടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.

അജിത് കുമാറിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും എത്തിയിരുന്നു. എഡിജിപി ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തി. വത്സന്‍ തില്ലങ്കേരിയുമായി നാല് മണിക്കൂര്‍ എന്താണ് ചര്‍ച്ച ചെയ്യാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഉടഞ്ഞ വിഗ്രഹം നന്നാക്കാന്‍ പിആര്‍ ഏജന്‍സിക്ക് സാധ്യമല്ലെന്നും പിണറായി വിജയന്‍ ഉടഞ്ഞ വിഗ്രഹമാണെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ ജനങ്ങളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. നവകേരള സദസും പിആര്‍ ഏജന്‍സിയുടെ തന്ത്രമായിരുന്നുവെന്നും പക്ഷേ പൊളിഞ്ഞു പോയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിനോയ് വിശ്വം സി.പി.എമ്മി ന്റെ കൈയിലെ പാവ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.