ലണ്ടൻ: ആത്യന്തികമായി രോഗികളുടെ സംരക്ഷണം ഉറപ്പുവരുത്തന്നതിന് പ്രാധാന്യം നൽകേണ്ടുന്നതിനാൽ എൻ എച്ച് എസ് ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 1 ലക്ഷത്തോളം എൻ എച്ച് എസ് ജീവനക്കാർ ഇനിയും വാക്സിൻ എടുക്കേണ്ടതായിട്ടുണ്ട്. മൊത്തം ജീവനക്കാരുടെ 7 ശതമാനം വരും ഇവർ. വാക്സിൻ നിർബന്ധമാക്കിയാൽ ജീവനക്കാർ കൊഴിഞ്ഞുപോയേക്കും എന്ന ആശങ്ക നിലനിൽക്കുമ്പോഴും അത്തരമൊരു തീരുമാനം ശരിയായ ഒന്നാണ് എന്നുതന്നെയാണ് ഹെൽത്ത് സെക്രട്ടറി സജിദ് ജാവിദ് പറയുന്നത്.

ശൈത്യകാലത്ത് ഈ നിയമം പ്രാബല്യത്തിൽ വരുമോ എന്ന ചോദ്യത്തിന് താൻ അതിനായി ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വാക്സിൻ എടുക്കാത്ത ജീവനക്കാർ യഥാർത്ഥത്തിൽ ഗുരുതരമായ രോഗം ബാധിച്ച രോഗികളുടെ ജീവന് അപകടം വരുത്തുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ജീവനക്കാരിൽ വാക്സിൻ നിർബന്ധമാക്കുന്നത് തെറ്റായ നടപടിയാണെന്നാണ് ലേബർ നേതാവ് സർ കീർ സ്റ്റാർമർ പറയുന്നത്. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുവാൻ ഇത് ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ ഇല്ലെങ്കിൽ ജോലി ഇല്ലെന്ന് പറയുന്ന നോ ജാബ് നോ ജോബ് നയം ഇതിനോടകം തന്നെ സോഷ്യൽ കെയർഹോമുകളിൽ നടപ്പാക്കികഴിഞ്ഞിരിക്കുന്നു. വാക്സിൻ എടുത്ത ജീവനക്കാരെ ആവശ്യത്തിനു ലഭിക്കാത്തതിനാൽ മിക്ക കെയർഹോമുകളും അടച്ചിടേണ്ടതായി വന്നേക്കാമെന്ന് ഹോം ഉടമകൾ പറയുന്നു. രോഗം ഗുരുതരമാകാതെ തടയുവാൻ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുപോലെ രോഗവ്യാപനം ഒരു പരിധിവരെ തടയുവാനും കഴിയും. ഈ സാഹചര്യത്തിൽ ആളുകളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവർത്തകർ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ബി ബി സി റേഡിയോയുടെ ഒരു പരിപാടിയിൽ പങ്കെടുത്ത് ജാവിദ് പറഞ്ഞു. ഇതുസംബന്ധിച്ച് കൺസൾട്ടേഷനുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അത് നടപ്പാക്കണം എന്നുതന്നെയാണ് തന്റെ ശക്തമായ അഭിപ്രായം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതുസംബന്ധിച്ച് എൻ എച്ച് എസ് ജീവനക്കാരിൽ നിന്നും വരുന്നത് സമ്മിശ്ര പ്രതികരണമാണ്. വലിയൊരു വിഭാഗം വാക്സിൻ നിർബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്.

എന്നാൽ, ചെറിയൊരു വിഭാഗം ജീവനക്കാരുടേ നിയമനവും ജോലിയും ഒക്കെയായി വാക്സിൻ ബന്ധപ്പെടുത്തുന്നതിനോട് താത്പര്യമില്ലാത്തവരാണ്. എൻ എച്ച് എസിൽ ജോലി ലഭിക്കാൻ വാക്സിൻ നിർബന്ധമാക്കിയാൽ വരുന്ന ശൈത്യകാലത്ത് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.