കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിന്റെയും അഞ്ചു ജീവനക്കാരേയും അറസ്റ്റോടെ തെളിയുന്നത് വൻ ഗൂഢാലോചന. അപകടത്തിന് പിന്നാലെ ഡി ജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമ റോയി ജോസഫ് വയലാട്ടിന്റെതടക്കം പേര് പല സാഹചര്യങ്ങളിൽ ഉയർന്ന് വന്നിട്ടും കേസെടുക്കാൻ പൊലീസ് മുതിർന്നിരുന്നില്ല.

മദ്യരാജാവായ വിൽഫ്രഡിന്റെ മരുമകനാണ് റോയ്. ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തായിരുന്നു റോയിയുടെ ഹോട്ടൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇവിടെ അതിഥികളായി എത്തുകയും ചെയ്യുമായിരുന്നു. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണ് റോയ് പുലർത്തിയിരുന്നത്.

സംഭവത്തിൽ അന്വേഷണം പുരോഗമിച്ചപ്പോഴും ഡി ജെ പാർട്ടി നടന്ന ഹോട്ടലിന്റെ ഉടമയെ അടക്കം പൊലീസ് ചോദ്യം ചെയ്യാൻ വളരെ വൈകിയിരുന്നു. ഏറെ ദുരൂഹമായ അപകടത്തിൽ ഇപ്പോഴും കൊലപാതക സാധ്യതകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതൊന്നും അന്വേഷിക്കാൻ പൊലീസ് ഇപ്പോഴും താൽപര്യം കാട്ടുന്നില്ല. സാധാരണ റോഡ് അപകട മരണമാക്കി മാറ്റാനായിരുന്നു നീക്കം ഇവിടെ നടന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഡിജിപി അനിൽ കാന്ത് കേസിൽ പിടിമുറുക്കിയത്. അതോട് കൂടി റോയി മാളത്തിൽ നിന്നും പുറത്തുവന്ന ഒരവസ്ഥയാണ് കാണാൻ കഴിഞ്ഞത്. അങ്ങനെ ഹോട്ടൽ ഉടമ റോയിയും അഞ്ച് ജീവനക്കാരും അറസ്റ്റിലാകുകയും ചെയ്തു.

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച കേസു പോലെ തേഞ്ഞുമാഞ്ഞു പോകുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഡിജിപിയുടെ നിർണായക നീക്കം. എന്നാൽ അനിൽ കാന്ത് ശക്തമായ നടപടി സ്വീകരിച്ച് രംഗത്ത് വന്നതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

ഹോട്ടലിൽ നടന്ന നിശാപാർട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. ഹോട്ടലുടമയെ എറണാകുളം എ.സി.പി.യുടെ ഓഫീസിൽ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയായിരുന്നു. ഇയാൾ ഒരു ഡിജിറ്റൽ വീഡിയോ റെക്കോഡർ (ഡി.വി.ആർ.) പൊലീസിന് കൈമാറിയിരുന്നു. എന്നാൽ വിവാദ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ വീഡിയോ റെക്കോഡർ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേ സമയം കേസിൽ അറസ്റ്റിലായി റോയ് ജോസഫ് വയലാട്ടിലിനെ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ നെഞ്ചുവേദനയെന്ന് പറയുകയും തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാക്കുകയും ചെയ്തു. ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം റോയ് നടത്തിയതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമെന്നിരിക്കെയാണ് ഈ നീക്കങ്ങൾ നടത്തിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. എന്നാൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ജാമ്യം തേടിയത്.



തെളിവുകൾ നശിപ്പിച്ചതടക്കം ഗുരുതരമായ ആരോപണങ്ങൾ റോയിക്ക് എതിരെ ഉയരുമ്പോഴും കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. കേസിൽ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.

ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷനിൽ നിന്നും അമ്പത് മീറ്റർ മാത്രം ദൂരമാണ് നമ്പർ 18 ഹോട്ടലിലേക്കുള്ള ദൂരം. സംഭവം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞതിന് ശേഷം മാത്രം പൊലീസ് റെയ്ഡിന് എത്തിയതും ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, പൊലീസിലെ ഉന്നതരടക്കം റോയിക്ക് ഒപ്പമാണെന്ന ആക്ഷപവും ഉയർന്നിരുന്നു.

അതിന് ശേഷമാണ് അനിൽകാന്ത് കേസിൽ ഇടപെട്ടതും റോയി അടക്കം അറസ്റ്റിൽ ആയതും. മോഡലുകൾ ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന് ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ നിർണായക തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന തെളിയുകയാണ്.

ഹോട്ടൽ ഉടമയായ റോയിയുടെ നിർദ്ദേശ പ്രകാരമാണ് ഇത് ചെയ്തതെന്ന് ജീവനക്കാർ നൽകിയ മൊഴി. സംഭവത്തിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും അഞ്ച് ജീവനക്കാരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് റോയിക്ക് പൊലീസ് ക്ലീൻ ചിറ്റാണ് നൽകിയത്. നേരത്തെ റോയിയിലേക്ക് കേസിന്റെ അന്വേഷണം എത്താത്ത രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. പൊലീസിനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഡിജിപി അനിൽ കാന്ത് രംഗത്ത് വന്നതും റോയ് അടക്കം അറസ്റ്റിലായതും.

നിശാപ്പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആറാണ് മാറ്റിയത്. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജുവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.

അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് സൈജുവിന്റെ മൊഴി.

അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാർ ഓടിച്ചിരുന്ന റഹ്‌മാൻ മാത്രമാണ് രക്ഷപ്പെട്ടത്.

സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായാണ് കരുതുന്നത്. തുടർന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് സംശയം