ദിയു: പാരസെയ്ലിങ് നടത്തുന്നതിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ പതിച്ചു. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജിത്തിന്റെ സഹോദരൻ രാകേഷാണ് ദൃശ്യങ്ങൾ പകർത്തിയത്.

പാരസെയ്ലിങ് നടത്തവേ പാരച്യൂട്ടിനെ പവർ ബോട്ടുമായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. വടംപൊട്ടിയതോടെ ദമ്പതികൾ ആകാശത്തേക്ക് ഉയർന്നുപോയി. അപകടത്തിന് മുമ്പ് വടത്തിന്റെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് അവർ പറഞ്ഞതായി രാകേഷ് പറയുന്നു.

തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് ദമ്പതികൾ രക്ഷപ്പെട്ടത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇവർക്ക് രക്ഷയായത്. കടലിൽ വീണ ഇവരെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായതെന്നാണ് പാരസെയ്ലിങ് നടത്തുന്ന പാംസ് അഡ്വഞ്ചർ ആൻഡ് മോട്ടോർ സ്പോർട് ഉടമ പറഞ്ഞു.

അവധിക്കാലം ആഘോഷിക്കാനായാണ് ദമ്പതികൾ ദിയുവിലെത്തിയത്. പാരാസെയ്‌ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു.