സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് പാരാസെയ്ലിങ്. അറിയപ്പെടുന്ന മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സാഹസികവിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തരം സഞ്ചാരികളെ ഞെട്ടിക്കുന്ന സംഭവമാണ് മുംബൈ അലിബാഗ് ബീച്ചിൽ നടന്നത്. പാരാസെയ്ലിങ്ങിനിടെ ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന കയർ പൊട്ടി രണ്ടു സ്ത്രീകൾ കടലിൽ വീണു.മുംബൈയിലെ സക്കിനാക സ്വദേശികളായ സുജാത നർക്കറും സുരേഖ പണിക്കറുമാണ് അപകടത്തിൽ പെട്ടത്. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അപകടം ഒഴിവായി. കടലിൽ വീഴുന്ന ദൃശ്യങ്ങൾ വൈറലാണ്.

അലിബാഗിൽ തീരദേശ കാഴ്ചകൾ കാണാനായി എത്തിയതായിരുന്നു ഇരുവരും. ബീച്ചിൽ വിനോദസഞ്ചാരികൾ പാരാസെയിലിങ് നടത്തുന്നത് കണ്ടിട്ടാണ് ഇവർ പരീക്ഷിക്കാൻ തയാറായത്. ഈ വിനോദം അപകടത്തിലേക്ക് നയിക്കുമെന്നും കരുതിയില്ല. വിഡിയോ വൈറലായതേടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരം സാഹസിക വിനോദങ്ങളിൽ ഓപ്പറേറ്റർമാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ചുള്ള ആശങ്കുമായി മുന്നോട്ടു വന്നിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചതിന് ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കണമെന്ന് വിഡിയോയുടെ താഴെ മിക്കവരും കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം, ദിയു തീരത്ത് പാരാസെയിലിങ് നടത്തുന്ന ദമ്പതികൾക്കും സമാനമായ അപകടം നടന്നിരുന്നു. പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ വീഴുകയായിരുന്നു. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. പാരച്യൂട്ടിനെ പവർ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. പാരച്യൂട്ടിന്റെ വടം പൊട്ടി കടലിലേക്ക് വീണ ഇരുവരെയും ബീച്ചിലെ ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്.