കണ്ണൂർ : പയ്യന്നൂരിൽ ഗാർഹിക പീഡനത്തിൽ മനം മടുത്ത് ജീവനൊടുക്കിയ സുനിഷയുടെ കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്ത്. ഭർത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃവീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറയുന്നു. യുവതിയുടെ മരണത്തിൽ അറസ്റ്റു ഉടനെയെന്നു പൊലിസ് അറിയിച്ചു. കോറോ സെന്ററിലെ കൊളങ്ങര വളപ്പിൽ കെ.വി സുനിഷ(26) ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക പീഡനമാണെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് വെള്ളൂർ ചേനോത്തുള്ള ഭർത്താവ് വിജീഷിന്റെ വീട്ടിലെ ഒന്നാം നിലയിലുള്ള കിടപ്പുമുറിയിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവിന് വീഡിയോകോൾ അയച്ചതിനു ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്. നേരത്തെ സഹോദരൻ സുധീഷിനയച്ച വീഡിയോസന്ദേശത്തിൽ താൻ ജീവനൊടുക്കുകയാണെന്നു സുനിഷ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വെള്ളൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിലെ പാൽവിതരണ ജീവനക്കാരനായ വിജീഷ് വീട്ടിലെത്തുമ്പോഴെക്കും തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ കെട്ടറത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർതൃവീട്ടിൽ ഭർത്താവിനെ കൂടാതെ, ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്ന ഓഡിയോ ക്ലിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

'നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ' എന്നും 'എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ' എന്നും ഭർത്താവ് വിജീഷ് പറയുന്നത് ക്ലിപ്പിലുണ്ട്. വിജീഷിന്റെ അമ്മ മർദ്ദിച്ചതിനെക്കുറിച്ച് പറയുമ്പോൾ, 'നീ എവിടെ വേണമെങ്കിലും പോയി പറഞ്ഞോ' എന്നു വിജീഷിന്റെ അമ്മ പറയുന്നതും വോയ്‌സ് ക്ലിപ്പിൽ ഉണ്ട്.ഭർത്താവിന് വീഡിയോകോൾ അയച്ചതിനു ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്.

സുനിഷ ജീവനൊടുക്കാൻ കാരണം ഭർതൃവീട്ടിലെ പീഡനമാണെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സഹോദരൻ സുധീഷിന് ഭർത്താവും ഭർതൃപിതാവും മാതാവും തന്നെ ദേഹോപദ്രവം ഏൽപ്പിക്കുന്നതായി സംസാരിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിനെ തുടർന്നാണ് പൊലിസ് സുധീഷിന്റെ ഫോൺ പിടിച്ചെടുത്തത്. യുവാവിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് പയ്യന്നൂർ പൊലിസ് നൽകുന്ന സൂചന.പയ്യന്നൂർ എസ്. ഐ യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് വീഴ്ചപറ്റിയെന്ന വാദം തള്ളിക്കൊണ്ടു കൊണ്ടു പൊലിസ് രംഗത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ആറാം തീയ്യതി ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുവെന്നാരോപിച്ചു സുനിഷ നൽകിയ പരാതിയെ തുടർന്ന് പൊലിസ് ഇരുവീട്ടുകാരെയും വിളിച്ചു വരുത്തിയിരുന്നു. അന്ന് ഭർത്താവിനെതിരെ യുവതി പരാതി പറഞ്ഞില്ലെന്നും ഭർതൃപിതാവും മാതാവും പീഡിപ്പിക്കുന്നതായാണ് പറഞ്ഞതെന്നും പൊലിസ് അറിയിച്ചു. നിയമനടപടികളിലേക്ക് പോകാതെ കേസ് ഒത്തുതീർപ്പാക്കാനായിരുന്നു ഇരുവീട്ടുകാർക്കും താൽപര്യം. സുനിഷയെ സ്വന്തം വീട്ടിലേക്കു കൊണ്ടു പോകാൻ സഹോദരനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ അംഗീകരിക്കാൻ തയ്യാറായില്ല.

പ്രണയവിവാഹിതരായ ഇരുവരെയും തള്ളിപ്പറയുന്ന നിലപാടായിരുന്നു സുനിഷയുടെ ബന്ധുക്കൾ സ്വീകരിച്ചത്. അതുകൊണ്ടു തന്നെ വിജീഷുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളുവെന്ന നിലപാടാണ് യുവതിയുടെ ബന്ധുക്കൾ സ്വീകരിച്ചതെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ മാർച്ച്് 12നാണ് ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പയ്യന്നൂർ കോളേജിൽ ഒരേ സമയംപഠിച്ചിരുന്ന ഇരുവരും ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് സ്വന്തംഇഷ്ടപ്രകാരം വിവാഹിതരായത്.

കുഞ്ഞിമംഗലത്തെ അമ്മാവന്റെ വീട്ടിൽ താമസിച്ചാണ് സുനിഷ പഠിച്ചിരുന്നത്. അവിടെ നിത്യസന്ദർശകനായ വിജീഷുമായി യുവതി കൂടുതൽ അടുത്തതിന്റെ ഭാഗമായാണ് വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചത്. വിജീഷിന്റെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ മാർച്ച് 12നാണ് ഇരുവരും വിവാഹതിരായത്. ബിരുദാനന്തര ബിരുദധാരിയായ സുനിഷ പഠനത്തിൽ സമർത്ഥയായതിനാൽ എന്തെങ്കിലും ജോലിക്കായുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ സർട്ടിഫിക്കറ്റ് സ്വന്തം വീട്ടിലായതിനാൽ ഇതിനുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല.

സർട്ടിഫിക്കറ്റ് സ്വന്തം വീട്ടിൽ നിന്നും വിട്ടു നൽകിയില്ലെന്നാണ് പൊലിസ് പറയുന്നത്. ഏറ്റവും ഒടുവിൽ പൊലിസ് സ്റ്റേഷനിലുണ്ടായ ഒത്തുതീർപ്പു ചർച്ചയിൽ യുവതിയെ തൽക്കാലികമായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകാൻ പൊലിസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഹോദരനും ബന്ധുക്കളും എതിർക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇതിനെ തുടർന്ന് യുവതി വീണ്ടും ഭർതൃവീട്ടിലേക്ക് തന്നെ തയ്യാറാവുകയായിരുന്നു. തന്റെ വീട്ടിലെത്തിയാൽ പഴയതു പോലെ പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും എങ്കിൽ മാത്രമേ കൂടെ കൂട്ടുകയുള്ളുവെന്ന് വിജീഷ് പറഞ്ഞതായി ബന്ധുക്കൾ പറയുന്നത്.

ഇതു സമ്മതിച്ചു കൊണ്ടു സുനിഷ കൂടെ പോയെങ്കിലും വീണ്ടും കുടുംബകലഹമുണ്ടാവുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഇതിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ നിറവും കൈവരിച്ചിട്ടുണ്ട്. പ്രതിയായ ഭർത്താവിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബിജെപി രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ സുനിഷയുടെ വീടു സന്ദർശിച്ചു നിയമനടപടികൾക്കുള്ള പിൻതുണ അറിയിച്ചിട്ടുണ്ട്. ഗാർഹിക പീഡനത്തിന് നേരത്തെ കേസെടുക്കാത്തത് പൊലിസിന്റെ വീഴ്ചയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ വിനോദ് കുമാർ ആരോപിച്ചു.