മുംബൈ: എ.പി.ജെ അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദത്തെ പരിഹസിച്ച് ശിവസേന. അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് വാജ്‌പേയുടെ " അറ്റകൈ" പ്രയോഗമായിരുന്നു എന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. കലാമിനെ രാഷ്ട്രപതിയാക്കിയതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ച് സ്വയം അപഹാസ്യരാകാൻ നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി യോഗത്തിലായിരുന്നു ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശ വാദം. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാർക്ക് അവസരം നൽകിയിട്ടുണ്ടെന്നും അങ്ങനെയാണ് മോദി എ.പി.ജെ അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് എന്നുമായിരുന്നു പാട്ടീൽ പറഞ്ഞത്. കലാമിനെ രാഷ്ട്രപതിയാക്കിയത് മതം നോക്കിയല്ലെന്നും ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവന കൊണ്ടാണെന്നും പാട്ടീൽ പറഞ്ഞു.

വെള്ളിയാഴ്ച പൂണെയിൽ നടന്ന പാർട്ടി ചടങ്ങിലായിരുന്നു പാട്ടീലിന്റെ പരാമർശം. ബിജെപി, ദേശസ്നേഹികളായ മുസ്‌ലിംകൾക്ക് എതിരല്ലെന്നും എന്നാൽ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നവരെ മാത്രമാണ് എതിർത്തതെന്നും പാട്ടീൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാർക്ക് അവസരം നൽകിയിട്ടുണ്ട്. അദ്ദേഹം എ പി ജെ അബ്ദുൾ കലാമിനെ ഇന്ത്യയുടെ പ്രസിഡന്റാക്കി. കലാമിനെ പ്രസിഡന്റാക്കിയത് മതം കൊണ്ടല്ല, ശാസ്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവന കൊണ്ടാണെന്നും ബിജെപി നേതാവ് പറഞ്ഞു.

അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ 2002 ജൂലൈയിലാണ് കലാം പ്രസിഡന്റാകുന്നത്. മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ വിമർശനം. ഇതിന് പിന്നാലെ, മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ധും പാട്ടീലിനെതിരെ ആഞ്ഞടിച്ചു. കലാമിനെപ്പോലുള്ള ഒരു യഥാർത്ഥ ദേശസ്നേഹിയെ അപകീർത്തിപ്പെടുത്തി പാട്ടീൽ പാപം ചെയ്യരുത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പരിഹാസ്യമാണ്, "ലോണ്ടെ പറഞ്ഞു. പ്രധാനമന്ത്രി വാജ്‌പേയി നാമനിർദ്ദേശം ചെയ്തപ്പോൾ എല്ലാ പാർട്ടികളുടെയും പിന്തുണയോടെയാണ് കലാമിനെ പ്രസിഡന്റാക്കിയത്, "കോൺഗ്രസ് നേതാവ് പറഞ്ഞു. 2020 ഓടെ ഇന്ത്യ ലോകശക്തിയാകണമെന്ന ആഗ്രഹം കലാം നമുക്ക് കാണിച്ചുതന്നിരുന്നുവെങ്കിലും മോദി ആ സ്വപ്നം ഇല്ലാതാക്കിയെന്നും അദ്ദേഹം ആരോപിച്ചു.