ന്യുഡൽഹി: 'ജൽ ജീവൻ മിഷൻ' 2019-ൽ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ ഏകദേശം 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ ചെയ്തതിനേക്കാൾ കൂടുതൽ ജോലി കഴിഞ്ഞ രണ്ട് വർഷങ്ങൾകൊണ്ട് ഇന്നത്തെ ഇന്ത്യയ്ക്കുവേണ്ടി ചെയ്യാനായെന്നും മോദി പറഞ്ഞു.

ജൽ ജീവൻ മിഷൻ പദ്ധതിയെപ്പറ്റി ഗ്രാമപഞ്ചായത്തുകളുമായും പാനീ സമിതികളുമായും ഗ്രാമ ജല, ശുചിത്വ സമിതികളുമായും സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനായി 2019 ഓഗസ്റ്റ് 15-നാണ് നരേന്ദ്ര മോദി ജൽ ജീവൻ മിഷൻ പദ്ധതി പ്രഖ്യാപിച്ചത്.

'സ്വാതന്ത്ര്യം ലഭിച്ചതുമുതൽ 2019 വരെ, നമ്മുടെ രാജ്യത്തെ വെറും മൂന്ന് കോടി കുടുംബങ്ങൾക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. എന്നാൽ 2019-ൽ ജൽ ജീവൻ മിഷൻ ആരംഭിച്ചതിനുശേഷം അഞ്ച് കോടി കുടുംബങ്ങൾക്ക് ജല കണക്ഷൻ നൽകി', പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഇന്ന്, രാജ്യത്തെ 80 ജില്ലകളിലെ 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും വെള്ളം എത്തുന്നുണ്ട്. അതായത്, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ചെയ്തതിനേക്കാൾ കൂടുതൽ ജോലി 'ഇന്നത്തെ ഇന്ത്യ' രണ്ട് വർഷത്തിനുള്ളിൽ ചെയ്തു,' അദ്ദേഹം കൂട്ടിച്ചേർത്തു.