മഹൊബ: കർഷകരെ പ്രശ്‌നത്തിലകപ്പെടുത്തുക എന്നതാണ് ചില പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങൾ നിയന്ത്രിക്കുന്ന പാർട്ടികൾ രൂപീകരിക്കുന്ന സർക്കാരുകൾക്ക് കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല. ഇത്തരം പാർട്ടികൾ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നത്. എന്നാൽ ബിജെപി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പാർട്ടികൾ കർഷകരെ എപ്പോഴും പ്രശ്‌നത്തിലാക്കുകയാണ്. കർഷകരുടെ പേരിൽ വൻ പ്രഖ്യാപനങ്ങൾ അവർ നടത്തുന്നുണ്ടെങ്കിലും ഒരു പൈസ പോലും കർഷകരിലേക്ക് എത്തുന്നില്ല.

പിഎം കിസാൻ സമ്മാൻ നിധിയിലൂടെ ബിജെപി സർക്കാർ കോടികളാണ് നേരിട്ട് കർഷകർക്ക് നൽകിയത്. വിത്ത് വിതയ്ക്കുന്നതു മുതൽ ഉൽപ്പന്നം ചന്തയിലെത്തുന്നതുവരെ കർഷകന് ആവശ്യമായ എല്ലാ സഹായവും ഈ സർക്കാർ ഉറപ്പു വരുത്തി.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചത്. 3250 കോടി രൂപയുടെ വിവിധ പദ്ധതികളാണ് മഹൊബയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് ജില്ലകളിലായി 65,000 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുന്നതിനാവശ്യമായ പദ്ധതിയുൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

കർഷക പ്രതിഷേധം തുടരുകയും ഉപതിരഞ്ഞെടുപ്പുകളിൽ അടക്കം ബിജെപിക്ക് തിരിച്ചടി നേരിടുകയും ചെയ്തതോടെ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു കേന്ദ്ര സർക്കാർ നടപടി. ഗുരു നാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാമ് മോദി നാടകീയ പ്രഖ്യാപനം നടത്തിയത്.

കർഷകരുടെ വേദന മനസ്സിലാക്കുന്നു. കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകും. കർഷകരുടെ നഷ്ടങ്ങൾ ഇപ്പോൾ വേഗത്തിൽ ഉന്നയിക്കാൻ സാധിക്കുന്നു. പ്രാദേശിക ചന്തകൾ ശക്തിപ്പെടുത്തി താങ്ങുവില നൽകുന്നു. കർഷകരിലേറെയും രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണ്. പെൻഷൻ പദ്ധതികൾ കർഷകർക്ക് സഹായകമാണ്. കർഷകർക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം 5 തവണ ഉയർത്തി. താങ്ങുവില (എംഎസ്‌പി) വർധിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകൾ ഓൺലൈൻ ആക്കി

ചെറുകിട കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നു, കർഷകർക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സർക്കാരിന്റെ നേട്ടമാണ്. മൈക്രോ ഇറിഗേഷൻ ഫണ്ടിലേക്കുള്ള വിഹിതം ഇപ്പോൾ 10,000 കോടി രൂപയാണ്. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ആനുകൂല്യ പദ്ധതികൾക്ക് കീഴിൽ കൊണ്ടുവന്നു. മൂന്ന് പുതിയ കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക മേഖലയെ കൂടുതൽ പരിഷ്‌കരിക്കുന്നതിനാണ്. എന്നാൽ അതു ചിലർക്കു പ്രയാസമുണ്ടാക്കി. അതിനാൽ നിയമം പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രക്ഷോഭത്തിൽനിന്നു കർഷകർ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.