യുക്രെയിനിൽ നേരിടുന്ന പരാജയം റഷ്യയുടെ സമനില തെറ്റിക്കുകയാണോ ? ലോകത്തെ മുഴുവൻ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുവാനുള്ള ശ്രമം റഷ്യ ആരംഭിച്ചുവോ ? ഇന്നലെ പോളണ്ടിലെ യുക്രെയിൻ അതിർത്തിക്ക് സമീപമുള്ള ഗ്രാമത്തിലേക്ക് റഷ്യയുടെതെന്ന് കരുതപ്പെടുന്ന മിസൈലുകൾ കുതിച്ചെത്തി രണ്ട് പോളണ്ടുകാരുടെ ജീവൻ കവർന്നതോടെ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയേറിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇന്നലെ ഉച്ചക്കായിരുന്നു യുക്രെയിൻ അതിർത്തിയിൽ നിന്നും അഞ്ച് മൈൽ മാത്രം അകലെയുള്ള തെക്ക് പടിഞ്ഞാറൻ പോളണ്ടിലെ സെവിഡോ എന്ന ഗ്രാമത്തിൽ രണ്ട് മിസൈലുകൾ പതിച്ചത്.

നിയന്ത്രണം വിട്ടെത്തിയ രണ്ട് റഷ്യൻ മിസൈലുകളായിരുന്നു ഗ്രാമത്തിൽ മരണകാരണമായ സ്ഫോടനത്തിന് കാരണമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ രഹസ്യാന്വേഷണോദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, യുക്രെയിനിലെ ഏറ്റവും അടുത്ത നഗരപ്രദേശമായ ചെർവോനൊർഡിൽ നിന്നും പത്ത് മൈലോളം മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അതേസമയം, യുക്രെയിനിന്റെ മുകളിൽ വെച്ച് വെടിവെച്ചിട്ട റഷ്യൻ മിസൈലിന്റെ അവശിഷ്ടങ്ങളായിരിക്കാം മരണകാരണമെന്നായിരുന്നു റേഡിയോ സെറ്റ് ആദ്യം റിപ്പോർട്ട് ചെയ്തത്.

അവശിഷ്ടങ്ങൾക്ക് യുക്രെയിനിന്റെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-300 മായി സാമ്യതയുണ്ടേന്ന് ചില പ്രതിരോധ സംവിധാന ഗവേഷകരും അവകാശപ്പെടുന്നു. എന്നാലും സ്ഥിരീകരിക്കാനാവുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒൻപത് മാസമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണം റഷ്യ നടത്തിയതിനു ശേഷമായിരുന്നു പോളണ്ടിലെ ഗ്രാമത്തിൽ സ്ഫോടനം ഉണ്ടായത്.

അതേസമയം, പോളണ്ടിലെ മണ്ണിൽ തങ്ങളുടെ മിസൈൽ പതിച്ചു എന്ന കാര്യം റഷ്യ നിഷേധിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം മൂർച്ഛിപ്പിക്കുവാനായുള്ള പ്രകോപനത്തിന്റെ ഭാഗമാണ് ഈ ആരോപണം എന്നാണ് റഷ്യ പറയുന്നത്. യുക്രെയിൻ-പോളണ്ട് അതിർത്തിയിൽ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നും റഷ്യ അവകാശപ്പെടുന്നു. ദേശീയ സുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്നലെ പോളിഷ് പ്രധാനമന്ത്രി വിളിച്ചു ചേർത്തു. നാറ്റോ അംബാസിഡർമാർ ഇന്ന് യോഗം ചേരും.

നാറ്റോ രൂപീകരണത്തിന് അടിസ്ഥാനമായ കരാറിലെ ആർട്ടിക്കിൾ 4 അനുസരിച്ച്, അംഗരാജ്യങ്ങളിൽ ഒന്ന് ആക്രമിക്കപ്പെട്ടാൽ, അതിൽ കർശന നടപടികൾ എടുക്കാൻ മറ്റ് അംഗരാജ്യങ്ങൾ ബാദ്ധ്യസ്ഥരാണ്. സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി മാത്രമേ നടപടി എടുക്കൂ എന്നാണ് ഒരു യൂറോപ്യൻ നയതന്ത്ര പ്രതിനിധി പറഞ്ഞത്. നാറ്റോ അംഗമായ പോളണ്ടിനെതിരെ ആക്രമണം ഉണ്ടായാൽ, അത് മറ്റ് അംഗരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കപ്പെടും എന്നതാണ് നാറ്റോയുടെ അടിസ്ഥാന തത്വം.

നാറ്റൊ കരാറിലെ ആർട്ടിക്കിൾ 5 അനുസരിച്ച്, ഒരു നാറ്റോ അംഗത്തിനെതിരെ യുദ്ധമുണ്ടായാൽ അത് മറ്റ് അംഗരാജ്യങ്ങൾക്കെതിരെയുള്ള യുദ്ധമായി കണക്കാക്കി ആക്രമണവിധേയമായ അംഗരാജ്യത്തെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. എന്നാൽ, അത്തരമൊരു തീരുമാനമെടുക്കുന്നതിനു മുൻപായി അംഗരാജ്യങ്ങളുമായി സംസാരിക്കേണ്ടതുമുണ്ട്. അതുകൊണ്ടു തന്നെ പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതാണെന്ന് ഉറപ്പു വരുത്താതെ നാറ്റോ യുദ്ധത്തിനിറങ്ങിയേക്കില്ല. അമേരിക്ക ഇപ്പോഴും ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് പെന്റഗൺ വൃത്തങ്ങൾ പറയുന്നത്.

അതേസമയം ആർടി എഡിറ്റർ ഇൻ ചീഫ് മർഗരിറ്റ സിമോന്യാൻ പറയുന്നത്, റഷ്യയുടെ മിസൈൽ നിയന്ത്രണം വിടുക എന്നത് തെരുവിൽ ജീവനുള്ള ദിനോസറിനെ കാണാൻ കഴിയുന്നത്ര മാത്രം സധ്യതയുള്ള കാര്യമാണെന്നാണ്. ഇത് ഒന്നുകിൽ യുക്രെയിന് പറ്റിയ ഒരു തെറ്റാകാം അല്ലെങ്കിൽ പോളണ്ടോ, ബ്രിട്ടനോ പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുന്നതാകാം എന്നും അവർ പറയുന്നു. നാറ്റോ ഉടൻ തന്നെ യോഗം ചേർന്ന് അനുയോജ്യമായ നടപടികൾ എടുക്കണമെന്ന് യുക്രെയിൻ വിദേശകാര്യമന്ത്രിയും ആവശ്യപ്പെട്ടു.

അതിനിടയിൽ ജർമ്മൻ പ്രതിരോധ വിഭാഗത്തിൽ നിന്നും ചോർന്ന് ലഭിച്ചതെന്ന് അവകാശപ്പെടുന്ന ചില രേഖകളെ ഉദ്ധരിച്ച്, രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാൾ ജർമ്മൻ സൈന്യത്തോട് യുദ്ധത്തിനു തയ്യാറെടുക്കാൻ ആവശ്യപ്പെട്ടതായി ദേർ സ്പീഷൽ എന്ന ജർമ്മൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബറിലായിരുന്നു ഈ നയരേഖ പുറപ്പെടുവിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്യ സുരക്ഷക്ക് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ഇതെന്നും രേഖയിൽ വ്യക്തമാക്കുന്നുണ്ട്.

ഇന്തോനേഷ്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോട്, റഷ്യ ഇപ്പോൾ പിടിച്ചെടുത്തിട്ടുള്ള സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞു പോവുകയാണെങ്കിൽ, യുദ്ധം നിർത്താൻ തയ്യാറാണെന്ന് സെലെൻസ്‌കി പറഞ്ഞതിനു ശേഷമായിരുന്നു റഷ്യൻ സേന യുക്രെയിനിൽ കനത്ത ആക്രമണം നടത്തിയത്. അതേസമയം,മേഖലയിൽ സംഘർഷാവസ്ഥ നീണ്ടു പോകുന്നതിനു കാരണം പാശ്ചത്യ ശക്തികളുടെ ഇടപെടലാണെന്നായിരുന്നു ഉച്ചകോടിയിൽ പങ്കെടുത്ത റഷ്യൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തിയത്.