ഷ്യ- യുക്രെയിൻ യുദ്ധം ആരംഭിച്ച് ഒരു വർഷം ആകാൻ പോവുകയാണ് . ഏതാനും ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുമെന്ന് യുദ്ധ വിദഗ്ദ്ധർ കണക്കുകൂട്ടിയ ഒരു യുദ്ധമായിരുന്നു ഇത്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സൈനിക ശക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയുടെ മുൻപിൽ യുക്രെയിന് മൂന്ന് ദിവസത്തിലധികം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. റഷ്യൻ നേതൃത്വവും അതേ അത്മവിശ്വാസത്തിലായിരുന്നു.

എന്നാൽ, അവിടെ യുക്രെയിന്റെ ശക്തിയായി മാറിയത്, വൊളോഡിമർ സെലെൻസ്‌കി എന്ന വ്യക്തിയുടെ നേതൃത്വമായിരുന്നു. പൊതുജനങ്ങൾക്ക് ആയുധപരിശീലനം നൽകി പ്രതിരോധത്തിന് കഴിവുള്ളവരാക്കി. ഇത് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിച്ചു. ഒപ്പം പാശ്ചാത്യ ശക്തികളുടെ ആയുധ സഹായം കൂടി ആയപ്പോൾ, റഷ്യയെന്ന തീയിൽ യുക്രെയിൻ എന്ന ഉറുമ്പ് ധൈര്യമായി അരിച്ചു പോകുന്ന കാഴ്‌ച്ചയായിരുന്നു ലോകം കണ്ടത്.

ഒരു വർഷമാകുമ്പോഴും കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാനാകാതെ, വൻശക്തി എന്ന പ്രതിച്ഛായ തകർന്ന് നിൽക്കുകയാണ് റഷ്യ. ഇത് പുടിന്റെ കാലിനടിയിലെ മണ്ണ് ഇളക്കുന്നുമുണ്ട്. നിരാശയിൽ നിന്നുയരുന്ന കോപം പുടിനെ ഒരു പക്ഷെ ആണവ യുദ്ധത്തിന് പ്രേരിപ്പിച്ചേക്കും എന്നൊരു അശങ്ക നേരത്തേ മുതൽ തന്നെ നിലനിൽക്കുന്നുണ്ട്. റഷ്യയുടേ ആണവേതര ആയുധങ്ങൾ ഒന്നും തന്നെ യുക്രെയിനിൽ രക്ഷക്കെത്തിയില്ല എന്നതാണ് ഇത്തരമൊരു ആശങ്ക ഉയർത്താൻ ഇടയായത്.

എന്നാൽ, ഇപ്പോൾ പൊന്തി വരുന്ന ആശങ്ക, യുദ്ധത്തിന്റെ ഒന്നാം വാർഷികമായ ഫെബ്രുവരി 24 ന് റഷ്യ പാശ്ചാത്യ രാജ്യങ്ങൾക്ക് എതിരെ ആക്രമണം ആരംഭിച്ചേക്കും എന്നാണ്. യുക്രെയിൻ നാഷണൽ സെക്യുരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലേക്സി ഡാനിലോവ് ആണ് ഇത്തരമൊരു ആശങ്ക പങ്കുവച്ചിരിക്കുന്നത്. ഒരു റേഡിയോ പരിപാടിക്കിടയിലായിരുന്നു അദ്ദേഹം ഇത്തരമൊരു ആശങ്ക പങ്കുവച്ചത്. റഷ്യ, സൈന്യത്തെ പൂർണ്ണമായി സജ്ജമാക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനമാണ് ഈ ആശങ്കക്ക് കാരണം എന്നും അദ്ദേഹം സൂചിപ്പിച്ചു.

യുദ്ധം ഒരു വർഷം പൂർത്തിയാക്കുന്ന ഫെബ്രുവരി 24 ന് റഷ്യ ചില കടുത്ത നടപടികൾക്ക് തുനിഞ്ഞേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, പശ്ചാത്യ നാടുകളിൽ നിന്ന് കൂടുതൽ ടാങ്കുകൾ കൂടി യുക്രെയിനിന്റെ കൈവശം വന്നു ചേരുന്നതോടെ, അവരുടെ പ്രതിരോധം കൂടുതൽ ശക്തമാകുമെന്ന് പുടിൻ മനസ്സിലാക്കുന്നു. അതായത്, ഇതുവരെയുള്ള ആക്രമണം പോലെയല്ല, റഷ്യൻ സൈന്യത്തിന് സ്ഥിതിഗതികൾ കൂടുതൽ ദുഷ്‌കരമാവുകയാണെന്നർത്ഥം..

യുക്രെയിനിലേക്ക് ഇപ്പോൾ കാനഡയും ടാങ്കുകൾ അയച്ചതോടെ 12 രാജ്യങ്ങളാണ് ഇപ്പോൾ യുക്രെയിന് ടാങ്കുകൾ നൽകുന്നത്. ഇത് നാറ്റോക്കെതിരെ ഒരു യുദ്ധത്തിന് പുടിനെ പ്രേരിപ്പിച്ചേക്കാം എന്ന് യൂറോപ്യൻ യൂണിയൻ ഡിഫൻസ് ചീഫ് പറയുന്നു. അതുകൊണ്ടു തന്നെ പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ തിരിയുവാനുള്ള സാധ്യതയുമുണ്ട്.

അതിനിടയിൽ അമേരിക്കൻ വ്യോമസേനയിലെ മുതിർന്ന ഒരു ജനറൽ തനിക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് നൽകിയ ഒരു മെമോയിൽ പറയുന്നത് രണ്ടു വർഷത്തിനുള്ളിൽ അമേരിക്കയും ചൈനയും തമ്മിൽ യുദ്ധം ഉണ്ടാകും എന്നാണ്. എൻ ബി സി ന്യുസ് വെള്ളിയാഴ്‌ച്ച പുറത്തുവിട്ട ഈ മെമോയിൽ പറയുന്നത്, ''എന്റെ തോന്നൽ തെറ്റായിരിക്കട്ടെ, പക്ഷെ എനിക്ക് ശക്തമായ തോന്നലുണ്ടാകുന്നു 2025 ൽ അമേരിക്ക ചൈന യുദ്ധം ഉണ്ടാകും'' എന്നാണ്. എയർ മൊബിലിറ്റി കമാൻഡിന്റെ തലവൻ ജനറൽ മൈക്ക് മിനിഹാന്റെയാണ് ഈ കുറിപ്പ്

ഏകദേശം 50,000 ഓളം ജീവനക്കാരും 500 ഓളം വിമാനങ്ങളും എയർ മൊബിലിറ്റി കമാൻഡിനു കീഴിലുണ്ട്. ചരക്ക് ഗതാഗതം, റീഫ്യൂവലിങ് എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തങ്ങൾ. ഇതിന്റെ മേധാവിയാണ് മിനിഹാൻ. തനിക്ക് ഇത്തരത്തിലുള്ള തോന്നൽ ഉണ്ടാകാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. 2024-ൽ അമേരിക്കയിലും തായ്വാനിലും പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അമേരിക്കയുടെ ശ്രദ്ധ മുഴുവൻ തെരഞ്ഞെടുപ്പിൽ കേന്ദ്രീകരിക്കുന്ന് സമയത്ത് അതൊരവസരമായി കണ്ട് ചൈന തായ് വാനെ ആക്രമിക്കാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.