ലണ്ടന്‍: സോജന്‍ ഒരു പോരാളിയാണ്. ജീവിതത്തോട് എന്നും മല്ലിട്ടു ജയിച്ചു കയറുന്ന യഥാര്‍ത്ഥ പോരാളി. രോഗം കീഴ്‌പ്പെടുത്തും എന്ന അവസ്ഥയിലാണ് സോജന്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഓടി തുടങ്ങിയത്. പിന്നീട് വിജയിച്ചു കയറുകയായിരുന്നു അദ്ദേഹം. ആഷ്ഫോര്‍ഡ് മലയാളികളെ നല്ല ശീലം പഠിപ്പിക്കാന്‍ സോജന്‍ കാട്ടിയ ഉത്സാഹമാണ് 2013ല്‍ ആദ്യമായി അദ്ദേഹത്തെ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ പ്രധാന വാര്‍ത്തയില്‍ എത്തിച്ചത്. പിന്നീട് ഇടയ്ക്കിടെ പോസിറ്റീവ് വാര്‍ത്തകളുമായി എത്തിക്കൊണ്ടിരുന്നു സോജന്‍. ഇപ്പോള്‍ ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വിജയിച്ചു കയറുന്ന മലയാളിയായി മാറിയിരിക്കയാണ് സോജന്‍ ജോസഫ് എന്ന നഴ്‌സ്.

തെരഞ്ഞെടുപ്പു വേദികളില്‍ മിന്നു വിജയം നേടുന്നത് സോജന്‍ ആദ്യമായല്ല. മുമ്പ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ സോജന്റെ വാര്‍ത്ത മറുനാടനും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതുവരെ ഒരു യുകെ മലയാളിയും നേടാത്ത വിധം വമ്പന്‍ രാഷ്ട്രീയ വിജയമാണ് സോജനെ തേടി എത്തിയിരിക്കുന്നത്.

സോജനെ ലേബര്‍ പാര്‍ട്ടി ആഷ്‌ഫോര്‍ഡ് സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. നേരത്തെ മുന്‍ ക്രോയ്ഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദിന്റെ പേര് ക്രോയ്ഡോണ്‍ സീറ്റില്‍ പരിഗണിച്ചിരുന്നെങ്കിലും നിയോഗം സോജനായിരുന്നു. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ യുകെയിലെ മലയാളികളുടെ അഭിമാനമായി മാറുകയാണ്. കണ്‍സര്‍വേറ്റീവ് തേരാളി ഡാമിയന്‍ ഗ്രീന്‍ ജയിച്ചിരുന്ന സീറ്റിലേക്കാണ് സോജന്‍ പടക്കുതിരയെ പോലെ കുതിച്ചെത്തി വിജയം പിടിച്ചെടുത്തത്. പട്ടണവും ഗ്രാമങ്ങളും ചേര്‍ന്ന മണ്ഡലം എന്ന നിലയില്‍ ഇത്തവണ പ്രവചനാതീതമായ മത്സരത്തിലേക്ക് എത്തിക്കാന്‍ സോജന് കഴിഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി മണ്ഡലത്തിലെ നിത്യ സാന്നിധ്യമായ ഡാമിയന്‍ ഗ്രീന്‍ പടിപടിയായി ഭൂരിപക്ഷം ഉയര്‍ത്തി വിജയിക്കുന്ന എംപിയായിരുന്നു. ജീവിതത്തില്‍ മാരത്തോണ്‍ ഓട്ടക്കാരനായ സോജന് രാഷ്ട്രീയത്തിലും കിതപ്പറിയാതെ ഓടിക്കയറിയ ചരിത്രമാണുള്ളത്. കോട്ടയം കൈപ്പുഴക്കാരനായ സോജന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. മുന്‍പ് സോജന്‍ പാര്‍ട്ടിയുടെ ലോക്കല്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്‍എച്ച്എസില്‍ മേട്രണ്‍ ആയി ജോലി ചെയ്യുന്ന സോജന്‍ തനിക്കു കിട്ടുന്ന എല്ലാ അവസരങ്ങളിലും മലയാളീ നഴ്സുമാരുടെ മികവുകള്‍ യുകെയില്‍ ഉടനീളം ഉയര്‍ത്തിപിടിക്കുവാന്‍ എപ്പോഴും ശ്രമിക്കുമെന്ന് വ്യക്താക്കിയിരുന്നു.

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ 22 വര്‍ഷമായി ഹെഡ് ഓഫ് നഴ്‌സിംഗ്, ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ആയി സേവനമനുഷ്ഠിക്കുന്ന സോജന്‍ മൂന്ന് കുട്ടികളും ഭാര്യയുമായി ആഷ്‌ഫോഡില്‍ തന്നെയാണ് താമസം. ഹെല്‍ത്ത്‌കെയര്‍ ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സോജന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവണം എന്നാഗ്രഹിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തിരുന്നു.

നിലവില്‍ എയില്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റൗര്‍ വാര്‍ഡിലെ ലോക്കല്‍ കൗണ്‍സിലറായ സോജന്‍ "കെന്റ് ആന്‍ഡ് മെഡ്വേ എന്‍.എച്ച്.എസ് ട്രസ്റ്റിലെ" മെന്റല്‍ ഹെല്‍ത്ത് ഡിവിഷനില്‍ ഹെഡ് ഓഫ് നഴ്‌സിങ് ചുമതലയുള്ള അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളാണ്.

22 വര്‍ഷമായി എന്‍.എച്ച്.എസില്‍ പ്രവര്‍ത്തിക്കുന്ന സോജന്‍ ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഹെഡാണ്. ബ്രിട്ടനില്‍ എത്തിയകാലം മുതല്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യം കാണിച്ച സോജന്‍ 2010-15 കാലഘട്ടത്തില്‍ നഴ്‌സുമാരുടെ ശമ്പള വര്‍ധനയ്ക്കായുള്ള സമരത്തിലും ക്യാംപെയ്‌നിലും മുന്‍പന്തിയിലുണ്ടായിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബര്‍സറി (ഗ്രാന്‍ഡ്) പു:നസ്ഥാപിക്കാനുള്ള പോരാട്ടത്തിലും സോജന്‍ നിര്‍ണായക നേതൃത്വമാണ് നല്‍കിയത്.

മലയാളി അസോസിയേഷനുകളിലും കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ് സോജന്‍. ബെംഗളുരൂവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെ.ഇ. കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്‌സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.