ലണ്ടന്‍: ഓരോരുത്തരുടെയും ഓരോ വോട്ടും ഏറെ വിലപ്പെട്ടതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഋഷി സുനക്, ബുദ്ധിപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ, റിഫോം യു കെ പാര്‍ട്ടിക്ക് വോട്ടുചെയ്യുന്നത് സോഷ്യലിസത്തിനു മുന്‍പില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിട്ടന്റെ ഭാവിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ ഇരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം താന്‍ നല്ലതെന്ന് കരുതുന്നവയ്ക്കായുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പറഞ്ഞു.

എക്സ്പ്രസ്സ് പത്രവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഇനിയും തീരുമാനിക്കാത്ത ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ഉണ്ടെന്ന് അറിയാമെന്നും ഋഷി സുനക് അഭിമുഖത്തില്‍ പറഞ്ഞു. നിരീക്ഷകരും, പ്രവചനങ്ങള്‍ നടത്തുന്നവരും ആളുകളെ തെറ്റിദ്ധരിപ്പിക്കും. അതെല്ലാം തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നികുതി കുറയ്ക്കണമെന്നും, കുടിയേറ്റം കുറയ്ക്കണമെന്നും ആഗ്രഹിക്കുന്ന ജനതയാണ് ബ്രിട്ടീഷുകാര്‍ എന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവിതകാലം മുഴുവന്‍ അദ്ധ്വാനിച്ച പെന്‍ഷന്‍കാരുടെ ക്ഷേമം ഉറപ്പാക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് താന്‍ കരുതുന്നതായും ഋഷി സുനക് പറഞ്ഞു. ഏറ്റവും ഒടുവില്‍ നടന്ന രണ്ട് അഭിപ്രായ സര്‍വ്വേകളിലും ലേബര്‍ പാര്‍ട്ടി, ഭരണകക്ഷിയേക്കാള്‍ ഏറെ മുന്നിലാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒഴികെ മറ്റാര്‍ക്ക് വോട്ട് ചെയ്താലും അധികാരത്തിലെത്തുക ലേബര്‍ പാര്‍ട്ടി ആയിരിക്കുമെന്നും, നികുതി വര്‍ദ്ധിപ്പിച്ചും മറ്റും അവര്‍ ജനങ്ങളെ ശിക്ഷിക്കുമെന്നും ഋഷി പറഞ്ഞു. പ്രത്യാഘാതങ്ങള്‍ ഇല്ലാത്ത ഒരു ഫ്രീ ഹിറ്റ് അല്ല വ്യാഴാഴ്ചയിലെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് എന്നോര്‍മ്മിപ്പിച്ച ഋഷി, ഒരു തെറ്റായ തീരുമാനം വലിയ വേദന സൃഷ്ടിച്ചേക്കുമെന്നും മുന്നറിയിപ്പ് നല്‍കി.