തിരുവനന്തപുരം: ജമ്മു കശ്മിരിൽ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ നിന്നും വിട്ടു നിൽക്കാനുള്ള സിപിഎം തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജനങ്ങളുടെയും രാജ്യത്തിന്റേയും താൽപ്പര്യം പരിഗണിക്കാതെ സ്വന്തം കാര്യം നോക്കി അടവ് നയം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. അതിനാലാണ് രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോയാത്രയിൽ പങ്കെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആവർത്തിച്ച് പറയുന്നത്.

ബിജെപിക്കെതിരെ എതിർ ശബ്ദമുയരേണ്ട വേദികളിൽ ബോധപൂർവം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സിപിഎം കേരള ഘടകം ഒഴിഞ്ഞ് മാറുന്നത് സംഘപരിവാർ നേതൃത്വവുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും സുധാകരൻ ആരോപിച്ചു.

സിപിഎമ്മിന്റെ ഈ മൂല്യച്യുതിയും ജീർണ്ണതയും ജനാധിപത്യബോധമുള്ള പ്രബുദ്ധ ജനത വിലയിരുത്തും. കോൺഗ്രസ് തകരണമെന്ന് ബിജെപിയെപ്പോലെ സിപിഎം ആഗ്രഹിക്കുന്നു. കോൺഗ്രസിന്റെ തകർച്ച സാധ്യമാക്കിയാൽ ബിജെപിയെ മുൻനിരയിലേക്ക് കൊണ്ടുവരാമെന്നും ന്യൂനപക്ഷ വോട്ടുകൾ സിപിമ്മിൽ ഉറപ്പിച്ച് നിർത്താമെന്നും അവർ മനക്കോട്ട പണിയുന്നു. മൃദുഹിന്ദുത്വ ആരോപണം ഉയർത്തി ബിജെപിയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന പണി സിപിഎം ഏറ്റെടുത്തതും അതിന്റെ ഭാഗമാണെന്നും സുധാകരൻ പരിഹസിച്ചു

ബിജെപിയുടെ കൊടിക്കീഴിൽ അഭയം തേടിയതുകൊണ്ടുമാത്രമാണ് ലാവ്ലിൻ,സ്വർണ്ണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയുടെ കൈകളിൽ വിലങ്ങ് വീഴാത്തത്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ശക്തിപ്പെടുത്തുന്ന നീക്കങ്ങൾക്ക് സിപിഎം വിഘാതം നിൽക്കുന്നതും അതിന്റെ പ്രത്യുപകരമായിട്ടാണ്. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് അണികൾ ചേക്കേറുമ്പോൾ സിപിഎമ്മിനെപ്പോലെ തങ്ങൾക്ക് ആഹ്‌ളാദിക്കാനാവില്ലെന്നും ബിജെപിയുടെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു.

സ്വന്തം പാളയത്തിൽ നിന്ന് എംഎൽഎ ഉൾപ്പെടെ ബിജെപിയിലേക്ക് പോകുമ്പോഴും കോൺഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സിപിഎം.ത്രിപുരയിൽ ബിജെപിയെ ചെറുക്കാൻ കെൽപ്പില്ലാതെ കോൺഗ്രസിന്റെ സഹായം തേടിയിട്ടും ബിജെപിയോടുള്ള കൂറ് അവസാനിപ്പിക്കാൻ സിപിഎം തയ്യാറാകാത്തത് നിർഭാഗ്യകരമാണ്.ഏറ്റവും ഒടുവിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ കോൺഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. എന്നാൽ തുടർച്ചയായി ഭരണം നയിച്ച സിപിമ്മിന് 17 ശതമാനം വോട്ട് മാത്രമാണ് അവിടെ നേടാനായത്. അതിൽ നിന്ന് തന്നെ ബിജെപിയിലേക്ക് ഒഴുകിയ വോട്ടുകൾ ആരുടെതാണെന്ന് വ്യക്തമാണ്.ത്രിപുരയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസം പ്രസംഗിക്കുമ്പോഴും സിപിഎം നേതാക്കൾ മുദുഹിന്ദുത്വം മനസ്സിൽ താലോലിക്കുന്നു. ദേശീയതലത്തിൽ ജനങ്ങളെ ജാതിയുടെയും മതത്തിന്റേയും പേരിൽ വിഭജിക്കുന്ന ബിജെപി നയങ്ങൾ സോഷ്യൽ എഞ്ചിനിയറിങ് ഭാഗമായി കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുകയാണ്.ബംഗാളിലും ത്രിപുരയിലും ഉൾപ്പെടെ പാർട്ടി ഓഫീസ് കാവിയടിച്ച് കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കളുള്ള പാർട്ടിയാണ് സിപിഎമ്മെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.