തിരുവനന്തപുരം: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ് സി എസ് ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണെന്ന് കെ സുധാകരൻ പറഞ്ഞു.

മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്. കള്ള പ്രചാരണങ്ങളും വർഗ്ഗീയ പ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം. ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ അടിമുടി ക്രിമിനലുകളായ സിപിഎം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നില്ല.
പക്ഷേ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ നിലകൊള്ളും'
മഹാനായ ചിന്തകൻ വോൾട്ടയറുടേതെന്ന് ലോകം കരുതുന്ന ചിന്താശകലമാണിത്.
മാധ്യമ വേട്ടയ്‌ക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ ചില നവമാധ്യമങ്ങളിൽ കോൺഗ്രസിനെതിരെ ചെറിയ ചില പ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ശരിയാണ്,
കേരളത്തിലെ പല മാധ്യമങ്ങളും ഒരുകാലത്തും കോൺഗ്രസിന് ഒപ്പം നിന്നിട്ടില്ല. കോൺഗ്രസിനെതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരാണ് മാധ്യമങ്ങളിൽ പലതും.
പക്ഷേ മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്. അവർക്ക് തെറ്റ് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കുവാനും നിയമ നടപടികൾ എടുക്കുവാനും ഇവിടെയൊരു സംവിധാനമുണ്ട്. ഏതെങ്കിലും മാധ്യമങ്ങൾ വർഗ്ഗീയ പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതാണ് കോൺഗ്രസിന്റെ നിലപാട്.
എന്നാൽ വർഗീയ-വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോൾ കൈയുംകെട്ടി നോക്കി നിൽക്കുകയും സർക്കാരിന്റെ അഴിമതികൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയും ചെയ്യുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണ്.
ആവർത്തിച്ചു പറയുന്നു,
കള്ള പ്രചാരണങ്ങളും വർഗ്ഗീയ പ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം.ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ അടിമുടി ക്രിമിനലുകളായ സിപിഎം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശരിയുടെ പക്ഷത്ത്,നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കും.


ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പിവി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഷാജൻ സ്‌കറിയക്കെതിരായ തെരച്ചിൽ പൊലീസ് തുടരുന്നതിനിടെയാണ് അറസ്റ്റ് തടഞ്ഞുള്ള സുപ്രീം കോടതി ഇടപെടൽ. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ മാധ്യമസ്ഥാപനം റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും അടക്കം പിടിച്ചെടുത്തിരുന്നു. ജീവനക്കാരുടെ വീടുകളും പരിശോധന നടത്തിയിരുന്നു. ഷാജനെതിരായ കേസിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ കെയുഡബ്യൂജെ അടക്കം രംഗത്തെത്തിയിരുന്നു.

എന്നാൽ ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പത്തനംതിട്ടയിലെ മാധ്യമപ്രവർത്തകനായ വിശാഖന്റെ വീട് റെയ്ഡ് ചെയ്ത് മൊബൈൽ ഫോൺ അടക്കം പൊലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി ഇന്ന് വിമർശിച്ചിരുന്നു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്ത് വിശാഖൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെട്ടത്. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു.

പിടിച്ചെടുത്തത് മാധ്യമപ്രവർത്തകന്റെ ഫോണാണെന്നും ക്രിമനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാധ്യമപ്രവർത്തകന്റെ അടിസ്ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. പൊലീസിന് ആർക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്റ്റഡിയിൽ എടുക്കുമെന്നും കോടതി ചോദിച്ചു.

നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഇത്തരത്തിൽ എല്ലാ മാധ്യമപ്രവർത്തകരുടെയും ഫോണുകൾ പിടിച്ചെടുക്കുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.