കുന്നംകുളം: കുന്നംകുളം കിഴൂർ സെന്ററിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റോഫീസ് കെട്ടിടം കനത്ത മഴയിൽ തകർന്നുവീണു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ആളുകളില്ലാത്ത സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി.

തുടർച്ചയായി പെയ്തിരുന്ന മഴയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. പിൻഭാഗത്തെ തൂണുകൾ ഇരുന്ന നിലയിലായിരുന്നു കെട്ടിടം. കിഴൂർ ശങ്കരത്ത് വളപ്പിൽ മജീദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.

രണ്ടുനിലകളിലായാണ് കെട്ടിടമുണ്ടായിരുന്നത്. മുകളിലെ നിലയിലാണ് പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്നത്. താഴെയുള്ള ഭാഗത്ത് സാധനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനവും പ്രവർത്തിച്ചിരുന്നു. പകൽ സമയങ്ങളിൽ ഇവിടെ ജീവനക്കാരുണ്ടാകാറുണ്ട്. 22 വർഷത്തെ പഴക്കമുണ്ട്. 15 വർഷമായി പോസ്റ്റോഫീസ് ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ഏഴുവർഷം മുമ്പ് ബലപ്പെടുത്തൽ നടത്തിയിരുന്നു. പോസ്റ്റോഫീസിലുണ്ടായിരുന്ന രേഖകൾ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മേൽക്കൂരയുടെ ഭാഗങ്ങൾ നീക്കി പുറത്തെടുത്തു. ചിലതെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. തപാൽ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റോഫീസിന് ഇതിന് സമീപത്തെ കെട്ടിടത്തിൽ താത്കാലിക സൗകര്യമൊരുക്കി.