തിരുവനന്തപുരം : സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥിയുടെ പേര് നീക്കം ചെയ്യാൻ നടത്തിയത് വൻ തട്ടിപ്പ്. എസ്.ശ്രീജയുടെ പേരിൽ സമർപ്പിച്ച, ജോലി വേണ്ടെന്ന സമ്മതപത്രത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതിൽ പിഎസ്‌സി ഓഫിസിനും വീഴ്ച വന്നു. അങ്ങനെ ജോലി തട്ടിപ്പിന്റെ പുതിയ തട്ടിപ്പ് വഴിയാണ് പുറത്തു വരുന്നത്.

റാങ്ക് ലിസ്റ്റിലുള്ളത് മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയാണ്. ജോലി വേണ്ടെന്ന സമ്മതപത്രം സമർപ്പിച്ചതുകൊല്ലം മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജയും. ഇരുവരുടെയും പേരും ഇനിഷ്യലും ജനനത്തീയതിയും ഒന്നാണ്. എന്നാൽ വിലാസം വ്യത്യസ്തമാണ്. ഇരുവരും രണ്ടു ജില്ലക്കാരാണ്. സത്യപ്രസ്താവന നൽകിയ ശ്രീജയുമായി പിഎസ്‌സി ഓഫിസിൽ നിന്നു കത്തിടപാടും നടത്തി. എന്നിട്ടും വിലാസം മാറിയത് ശ്രദ്ധിച്ചില്ല. ഇത് ഗുരുതര വീഴ്ചയാണ്.

തെറ്റായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പിഎസ്‌സി ഓഫിസിൽ അപേക്ഷിച്ച ആൾക്കെതിരെയും കൂട്ടുനിന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും. ഒപ്പം പിഎസ്‌സിയുടെ വിജിലൻസും അന്വേഷിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യഥാർഥ ഉദ്യോഗാർഥി എസ്.ശ്രീജയ്ക്കു നിയമന ശുപാർശ നൽകാനും യോഗം തീരുമാനിച്ചു. വലിയ തട്ടിപ്പാണ് നടന്നത്.

റാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത, കൊല്ലം ജില്ലക്കാരിയായ റവന്യു ഉദ്യോഗസ്ഥയാണ് അതേ പേരും ഇനിഷ്യലും ജനനത്തീയതിയും ഉള്ള മറ്റൊരു ഉദ്യോഗാർഥിയുടെ രജിസ്റ്റർ നമ്പർ വച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചത്. ഈ അപേക്ഷ ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും സാക്ഷ്യപ്പെടുത്തി. അപേക്ഷ പരിശോധിച്ച പിഎസ്‌സി കോട്ടയം ജില്ലാ ഓഫിസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുകയും ചെയ്തു. തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥ ഇക്കാര്യം സമ്മതിച്ചു.

റാങ്ക് പട്ടികയിലുള്ള ചിലർ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതു ചെയ്തതെന്ന് അവർ പറയുന്നു. 2014ൽ ഇവർക്കു സർക്കാർ ജോലി ലഭിച്ചിരുന്നു. അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2015ൽ ആണ്. എന്നാൽ ഈ റാങ്ക് ലിസ്റ്റിൽ താൻ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച്, ജോലി വേണ്ടെന്ന് എഴുതി വാങ്ങിച്ചെന്നാണ് ഇവർ അറിയിച്ചത്. ഈ വാദം നിലനിൽക്കില്ലെന്ന അഭിപ്രായവും ഉണ്ട്.

മുൻപ് വെള്ളക്കടലാസിൽ സ്വയം സത്യപ്രസ്താവന തയാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമർപ്പിച്ചാൽ റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമായിരുന്നു. തട്ടിപ്പ് തടയാൻ വേണ്ടിയാണ് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ കൂടി പുതിയതായി ഏർപ്പെടുത്തിയത്. റാങ്ക് ഹോൾഡേഴ്‌സ് എന്ന പേരിൽ ചിലരെങ്കിലും ഈ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പിഎസ്‌സി ചൂണ്ടിക്കാട്ടി.

ജോലി വേണ്ട എന്ന് സത്യപ്രസ്താവന നൽകിയ ഉദ്യോഗാർഥി സിവിൽ സപ്ലൈസ് സെയിൽസ്മാൻ പരീക്ഷ എഴുതിയിട്ടില്ലെന്നതാണ് വസ്തുത. ഇക്കാര്യം പിഎസ്‌സി പരിശോധിച്ചില്ല. അതുകൊണ്ട് തന്നെ റവന്യൂ ഉദ്യോഗസ്ഥയുടെ വാദം നിലനിൽക്കില്ല. പി എസ് സിയിൽ നിന്ന് അയയ്ക്കുന്ന എഴുത്തുകൾ കിട്ടുമെന്ന് ഉറപ്പാക്കാനാണ് അതേ ഇനിഷ്യലും പേരുമുള്ള ശ്രീജയെ തട്ടിപ്പുകാർ തെരഞ്ഞെടുത്തത്.

പരീക്ഷയിലും പരിശോധനയിലും പിഎസ്‌സി പുലർത്തുന്ന കെടുകാര്യസ്ഥതയാകാം അർഹമായ ജോലി ശ്രീജയ്ക്ക് നഷ്ടപ്പെടാൻ കാരണം. അല്ലെങ്കിൽ ഉദ്യോഗാർഥികളെ കരുവാക്കി പ്രവർത്തിക്കുന്ന നിയമന മാഫിയയാകാം ഇതിനു പിന്നിൽ എന്നാണ് വിലയിരുത്തൽ. പിഎസ്‌സി സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ നടത്തിയത് 2016 ഓഗസ്റ്റ് 27നാണ്. 2018 മെയ്‌ 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയ്ക്ക് 233ാം റാങ്ക്. 199 പേർക്കാണ് നിയമനം. ലിസ്റ്റിലുള്ള കുറെയാളുകൾക്ക് മറ്റു ജോലികൾ കിട്ടിയതുമൂലം ലിസ്റ്റിൽ 268 വരെയുള്ളവർക്ക് നിയമനം ലഭിച്ചു.

2020 സെപ്റ്റംബർ 30ന് മൈനാഗപ്പള്ളി സ്വദേശി എസ്.ശ്രീജ തനിക്കു ജോലി വേണ്ട എന്ന സമ്മതപത്രം പിഎസ്‌സിക്കു നൽകി. ഈ സത്യവാങ്മൂലം സ്വീകരിച്ച പിഎസ്‌സി മല്ലപ്പള്ളി സ്വദേശി എസ്.ശ്രീജയെ ഒഴിവാക്കി. 2021 ഓഗസ്റ്റിൽ അവസാനത്തെ 14 പേർക്കു കൂടി നിയമനം നൽകി. ഇതിൽ മല്ലപ്പള്ളി സ്വദേശി ശ്രീജ ഉൾപ്പെടേണ്ടതാണ്. എന്നാൽ ശ്രീജയ്ക്കു നിയമനം ലഭിച്ചില്ല.

വ്യാജ സമ്മതം പത്രം നൽകിയ ശ്രീജയും ന്യായീകരണം നടത്തുന്നുണ്ട്. 'റാങ്ക് ലിസ്റ്റിലുള്ള സനിൽ കെ.പിള്ള എന്നൊരാൾ എന്നെ സമീപിച്ചു. എനിക്കു മറ്റൊരു ജോലി ഉള്ളതിനാൽ ജോലി വേണ്ട എന്ന സമ്മത പത്രം നൽകിയാൽ റാങ്ക് ലിസ്റ്റിൽ ഒരാൾക്കു കൂടി ജോലി ലഭിക്കുമെന്നു സനിൽ പറഞ്ഞു. റാങ്ക് ലിസ്റ്റിൽ ഞാൻ ഉൾപ്പെട്ടതിന്റെ രേഖകൾ കാണിച്ചു. പേര്, ജനനത്തീയതി, രജിസ്റ്റർ നമ്പർ എന്നിവ അതിലുണ്ട്. വിവിധ പിഎസ്‌സി പരീക്ഷകൾ ഞാൻ എഴുതിയിട്ടുണ്ട്. പല ലിസ്റ്റുകളിലും എന്റെ പേരുണ്ട്. 5 വർഷം മുൻപാണ് അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷ നടന്നത്. അത് ഞാൻ എഴുതിയിരുന്നോ എന്ന് ഓർമയുണ്ടായിരുന്നില്ല. സമ്മതപത്രം സനിലിനു നൽകി. കഴിഞ്ഞയാഴ്ച റാങ്ക് ലിസ്റ്റിലുള്ള എസ്.ശ്രീജ വിളിച്ചപ്പോഴാണ് അബദ്ധം മനസ്സിലാക്കിയത്. ഉടനെ പിഎസ്‌സിക്കു മാപ്പപേക്ഷയും നൽകി-ശ്രീജ പറയുന്നു.

കൊല്ലം സ്വദേശി സനിൽ കെ.പിള്ളയ്ക്കും ആരോപണങ്ങൾക്ക് മറുപടിയുണ്ട്. 'റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടോണിമോൻ ജോസഫ് പറഞ്ഞിട്ടാണ് ശ്രീജയെ കണ്ട് സമ്മതപത്രം വാങ്ങിയത്. റാങ്ക് ലിസ്റ്റിൽ പേര്, ജനനത്തീയതി, രജിസ്റ്റർ നമ്പർ എന്നിവ മാത്രമാണുള്ളത്. അതുനോക്കി ശ്രീജയെ കണ്ടെത്തി സമ്മതപത്രം വാങ്ങി കോട്ടയത്തെ മറ്റൊരു ഉദ്യോഗാർഥിക്ക് അയച്ചുകൊടുത്തു.'-സുനിൽ പറയുന്നു. ലിസ്റ്റിൽ 304ാം റാങ്ക് ലഭിച്ച സനിലിനു നിയമനം ലഭിച്ചില്ല. അതായത് ആരോ ബോധപൂർവ്വം ഗൂഢാലോചന നടത്തിയെന്ന് വ്യക്തം.

ഇന്റർനെറ്റിൽ നോക്കിയാണ് പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ വിലാസം കണ്ടെത്തിയത് എന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടോണിമോൻ ജോസഫ് പറയുന്നു. എസ്.ശ്രീജയുടെ വിലാസവും മറ്റും ഇത്തരത്തിലാണ് കണ്ടെത്തിയത്. സമ്മതപത്രം വാങ്ങിനൽകാൻ സനിലിനെ ചുമതലപ്പെടുത്തി. അന്വേഷിച്ചു വേണം സമ്മതപത്രം വാങ്ങാനെന്നും നിർദ്ദേശിച്ചിരുന്നുവെന്നും വിശദീകരിക്കുന്നു. കോട്ടയം സ്വദേശി ടോണിമോന്റേത് 214ാം റാങ്കാണ്. സിവിൽ സപ്ലൈസിലാണ് ടോണിക്കു ജോലി.