മുംബൈ: ബലാത്സംഗത്തെ അതിജീവിച്ചവരിൽ നടത്തുന്ന വിവാദമായ 'രണ്ട് വിരൽ പരിശോധന' ഒഴിവാക്കണമെന്ന് ബോംബൈ ഹൈക്കോടതി. ഇത്തരം പരിശോധനകൾ അശാസ്ത്രീയമെന്ന് കണ്ടാണ് രണ്ട് വിരൽ പരിശോധന ഒഴിവാക്കമെന്ന് കോടതി നിർദേശിച്ചത്. രണ്ട് വിരൽ പരിശോധന' ഒഴിവാക്കാൻ മഹാരാഷ്ട്ര സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ബോംബെ ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു.

2013ൽ മുംബൈയിലെ ശക്തിമില്ലിൽ വെച്ച് ഫോട്ടോ ജേർണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുഹമ്മദ് അഷ്ഫാഖ് ദാവൂദ് ഷെയ്ഖ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയിൽ ജെ.ജെ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ അസ്വസ്ഥത ഉണ്ടാക്കുന്ന ചില വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് സെഷൻസ് ജഡ്ജി നടത്തിയ നിരീക്ഷണം ജസ്റ്റിസുമാരായ എസ്.എസ്. ജാദവ്, പി.കെ. ചവാൻ എന്നിവരുടെ ബെഞ്ച് പ്രത്യേകം ശ്രദ്ധിച്ചു.

സുപ്രീം കോടതി അപലപിച്ചിട്ടും പരിശോധനയിൽ അപകീർത്തികരവും അശാസ്ത്രീയവുമായ രണ്ട് വിരൽ പരിശോധന' ഡോക്ടർമാർ പിന്തുടർന്നതായി സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസുകളിൽ ഇരകളുടെ യോനിയിൽ ഡോക്ടർ രണ്ട് വിരലുകൾ കടത്തി നടത്തുന്ന പരിശോധനയാണ് ടി.എഫ്.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രണ്ട് വിരൽ പരിശോധന.