ലണ്ടന്‍: പരാജയങ്ങള്‍ ഏറ്റു പറയുമ്പോഴും, തന്റെ ഭരണ കാലഘട്ടത്തില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് ഡൗണിങ് സ്ട്രീറ്റിലെ അവസാന പ്രസംഗം പൂര്‍ത്തിയാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഋഷി സുനക്. തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുമാണ് പ്രസംഗം പൂര്‍ത്തിയാക്കിയത്.

പ്രധാനമന്ത്രി എന്ന നിലയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമായുള്ള അവസാന ഔദ്യോഗിക കൂടിക്കാഴ്ച്ചയ്ക്കു മുന്‍പായിരുന്നു ഡൗണിങ് സ്ട്രീറ്റിലെ പ്രസംഗം. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം എത്തിയ ഋഷി സുനക്, നാല് മിനിറ്റില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചാണ് ബക്കിങ്ഹാം കൊട്ടാരത്തിലേക്കു പോയത്.

പരാജയങ്ങള്‍ ഏറ്റു പറയുമ്പോഴും, തന്റെ ഭരണ കാലഘട്ടത്തില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങളെപ്പറ്റിയും ഋഷി സുനക് എടുത്തു പറഞ്ഞു. "പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക വളര്‍ച്ച തിരിച്ചെത്തിയതും ഞാന്‍ പ്രധാനമന്ത്രിയായിരുന്ന രണ്ട് വര്‍ഷത്തിനുള്ളിലാണ്. ബ്രിട്ടന്‍ ഈ ലോകത്ത് അതിന്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചുപിടിച്ചു. ഈ രാജ്യം 20 മാസം മുന്‍പുള്ളതിനേക്കാള്‍ സുരക്ഷിതമായ നിലയിലേക്ക് എത്തിയിരിക്കുകയാണ്." ഋഷി സുനക് പറഞ്ഞു.

പ്രതീക്ഷിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ചിലര്‍ തന്നെ വിമര്‍ശിച്ചിരുന്നുവെന്നും ഋഷി സുനക് തുറന്നു സമ്മതിച്ചു. താന്‍ ബഹുമാനിക്കുന്ന മാന്യനായ മനുഷ്യനാണ് കെയ്ര്‍ സ്റ്റാര്‍മറെന്നും അദ്ദേഹം പ്രശംസിച്ചു. ഹിന്ദുമത വിശ്വാസിയായ ആദ്യ ബ്രിട്ടിഷ് പ്രധാനമന്ത്രിയായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ സുനക്, തന്റെ രണ്ട് പെണ്‍മക്കള്‍ ഡൗണിങ് സ്ട്രീറ്റിലെ പടികളില്‍ ദീപാവലി വിളക്കുകള്‍ കത്തിക്കുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. 650 അംഗ പാര്‍ലമെന്റില്‍ 412 സീറ്റുകളും ലേബര്‍പാര്‍ട്ടി നേടി. കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ പ്രധാനമന്ത്രി. വെറും 121 സീറ്റില്‍ ഒതുങ്ങിയ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. പുതിയ പ്രധാനമന്ത്രി മന്ത്രിസഭംഗങ്ങളെ പ്രഖ്യാപിച്ചു.

ഋഷി സുനക്കിനും 14 വര്‍ഷം ബ്രിട്ടനെ നയിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും ഏറ്റത് പ്രവചിക്കപ്പെട്ടതിനേക്കാള്‍ വലിയ പരാജയം. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കം നേതാക്കള്‍ കൂട്ടത്തോടെ തോറ്റു. ഋഷി സുനക്കിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി എന്നത് മാത്രമാണ് ആശ്വാസം. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ പ്രശ്‌നവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും മുഖ്യ ചര്‍ച്ചാ വിഷയമായ തെരഞ്ഞെടുപ്പില്‍ ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളെ ജനം പാടെ തള്ളി.

പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുനക് പറഞ്ഞു. ഇനി ബ്രിട്ടനെ നയിക്കുക കെയര്‍ സ്റ്റാര്‍മര്‍ ആയിരിക്കും. ഇടത്തരം കുടുംബത്തില്‍ നിന്ന് സാഹചര്യങ്ങളോട് പൊരുതി ഉയര്‍ന്നുവന്ന ലേബര്‍ പാര്‍ട്ടി നേതാവ്. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ക്ഷണം ലഭിച്ചതോടെ കെയ്ര്‍ സ്റ്റാര്‍മറം ഭാര്യ വിക്ടോറിയയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തി. പുതിയ മന്ത്രിസഭംഗങ്ങളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ആംഗല റെയ്‌നര്‍ ആണ് ഉപപ്രധാനമന്ത്രി. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിതാ ചാന്‍സിലറായി റേച്ചല്‍ റീവ്‌സ് നിയമിക്കപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ ചുമതലയാണ് റേച്ചല്‍ റീവ്‌സ്‌നു ലഭിച്ചിരിക്കുന്നത്. ഈ നിമിഷം മുതല്‍ താന്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു എന്നാണു നിയുക്ത പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്.

കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപാര്‍ട്ടിയായ റിഫോമ് യുകെ ഉണ്ടാക്കിയ മുന്നേറ്റം ആണ് ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേകത. തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ റിഫോമ് യുകെ നേതാവ് നൈജര്‍ ഫറാഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. പാര്‍ട്ടി നാല് സീറ്റുകളും നേടി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്. ബ്രിട്ടീഷ് ജനതയുടെ ആശങ്കകളും അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒന്നും ചെയ്യാനായില്ല എന്നതാണ് ഋഷി സുനകിന് ഇത്ര വലിയ തിരിച്ചടി ഉണ്ടാകാന്‍ കാരണം.