മോസ്‌കോ: റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍. റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ - റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ ബഹുമതി സ്വീകരിക്കുന്നത്. 1698ലാണ് സെന്റ് ആന്‍ഡ്രുവിന്റെ പേരിലുള്ള ഈ ബഹുമതി നല്‍കിത്തുടങ്ങിയത്. സിവിലിയന്‍മാര്‍ അല്ലെങ്കില്‍ സൈനിക മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ക്ക് നല്കി വരുന്നതാണ് ഈ ബഹുമതി.

2019-ല്‍ പ്രഖ്യാപിച്ച പുരസ്‌കാരമാണ് ഇപ്പോള്‍ മോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച ഒരാളാണ് മോദി എന്ന നിലയ്ക്കാണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. മോദിയുടെ രണ്ട് ദിവസം നീളുന്ന സന്ദര്‍ശന വേളയില്‍ ഈ ബഹുമതി പുതിനില്‍ നിന്ന് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആഞ്ഞടിച്ചിരുന്നു.

ഇതാദ്യമായാണ് തന്റെ റഷ്യന്‍ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോള്‍ പുടിന്‍ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട് പ്രതികരിച്ചത്. ഇന്നലെ യുക്രെയിനിലെ കുട്ടികളുടെ ആശുപത്രിയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വന്‍ കുറ്റവാളിയെ ആണ് ആലിംഗനം ചെയ്തതെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചിരുന്നു.

മോദിയുടെ സന്ദര്‍ശനത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സെലന്‍സ്‌കിയുടെ പ്രസ്താവന ആയുധമാക്കി രംഗത്ത് വന്നു. എന്നാല്‍ കുട്ടികള്‍ കൊല്ലപ്പെടുന്നത് വേദനാജനകമെന്നും സംഘര്‍ഷം തീര്‍ക്കണമെന്നും മോദി പരസ്യമായി പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വഴികളും പുതിയ ആശയങ്ങളും ഉയര്‍ന്നു വന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും മോദി പറഞ്ഞു.

നിരപരാധികളായ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് നരേന്ദ്രമോദി പറഞ്ഞു. കീവിലെ കുട്ടികളുടെ ആശുപത്രി റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് മോദി ആശങ്ക അറിയിച്ചത്.

യുദ്ധമായാലും ഭീകരാക്രമണമായാലും മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെടുന്നത് മാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തര്‍ക്കും വേദനാജനകമാണ്. എന്നാല്‍, കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് കാണുന്നത് അത് ഹൃദയഭേദകമാണ്. ആ വേദന വളരെ വലുതാണ്. ഇതിനെക്കുറിച്ച് നാം മുമ്പും ചര്‍ച്ച നടത്തിയിട്ടുണ്ട്.

യുദ്ധത്തെക്കുറിച്ച് തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതിന്‍ സന്തോഷമുണ്ട്. സമാധാനമാണ് പ്രധാനമെന്ന് ഒരു സുഹൃത്തെന്ന നിലയില്‍ പുതിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, യുദ്ധക്കളത്തില്‍ പരിഹാരങ്ങള്‍ സാധ്യമല്ലെന്ന് താന്‍ മനസ്സിലാക്കുന്നു. ബോംബുകള്‍ക്കും തോക്കുകള്‍ക്കുമിടയില്‍ സമാധാന ചര്‍ച്ചകള്‍ വിജയിക്കില്ല. ചര്‍ച്ചകളിലൂടെ മാത്രമേ സമാധാനത്തിലേക്ക് എത്തിച്ചേരാനാകൂവെന്നും മോദി പറഞ്ഞു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണ്. സമാധാനത്തിന് അനുകൂലമായാണ് രാജ്യം നിലകൊള്ളുന്നതെന്ന് ലോകസമൂഹത്തിന് ഉറപ്പുനല്‍കുന്നു. സമാധാന ചര്‍ച്ചകളെക്കുറിച്ച് പുതിന്‍ പറഞ്ഞ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സേനയിലേക്ക് സഹായികളായി റിക്രൂട്ട് ചെയ്ത 40തോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിന്‍ അംഗീകരിച്ചു.

റഷ്യയുമായും പുടിനുമായുമുള്ള തന്റെ ബന്ധം 25 വര്‍ഷം മുന്‍പ് മുതലുള്ളതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 17 തവണയാണ് പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏതാണ്ട് 22 ഉഭയകക്ഷി ചര്‍ച്ചകള്‍ റഷ്യയുമായി ഇന്ത്യ നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ സന്ദര്‍ശനത്തെ പലവിധത്തില്‍ വ്യാഖ്യാനിക്കുകയാണ് ലോകം. ഒരു സുഹൃത്തെ നിലയില്‍ ഇന്നലെ റഷ്യന്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. 4-5 മണിക്കൂര്‍ പുടിനുമായി ഒരുമിച്ച് ചെലവഴിച്ചു. നിരവധി വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തി യുക്രെയ്ന്‍ വിഷയത്തില്‍ വളരെയധികം തുറന്നു സംസാരിക്കാന്‍ കഴിഞ്ഞുവെന്നതിലും, ഇരുരാഷ്ട്രങ്ങളുടെയും അഭിപ്രായവും നിലപാടും ബഹുമാനത്തോടെ കേള്‍ക്കാനും മനസിലാക്കാനും ഇരുവരും തയ്യാറായി എന്നുള്ളതും സന്തോഷം നല്‍കുന്ന കാര്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു.

കഴിഞ്ഞ 40-50 വര്‍ഷമായി ഭീകരവാദത്തെ വളരെ രൂക്ഷമായി നേരിടേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. ഭീകരവാദത്തിന്റെ ഏറ്റവും ക്രൂരവും ഭീതിതവുമായ മുഖത്തെ ഇന്ത്യ കണ്ടുകഴിഞ്ഞു. അതുകൊണ്ട് തന്നെ മോസ്‌കോയില്‍ ഭീകരാക്രമണങ്ങള്‍ നടക്കുമ്പോള്‍ ഡജസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ അത് എത്രമാത്രം റഷ്യന്‍ ഭരണകൂടത്തെ വേദനപ്പെടുത്തുമെന്ന് തനിക്ക് ഊഹിക്കാന്‍ കഴിയും. എല്ലാതരത്തിലുള്ള ഭീകരാക്രമണത്തെയും ശക്തമായി അപലിപിക്കുന്നുവെന്നും മോദി അസന്നിഗ്ധമായി വ്യക്തമാക്കി. ഇന്ത്യ-റഷ്യ ബന്ധം ദൃഢമാക്കുന്നതും യുക്രയിന്‍ സംഘര്‍ഷവും കൂട്ടികുഴയ്‌ക്കേണ്ടതില്ലെന്ന സന്ദേശമമാണ് മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ നല്‍കിയത്.