ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചൊവ്വാഴ്ച ആരംഭിക്കും. മാസങ്ങൾക്ക് മുമ്പ് ഇതിനായി യന്ത്ര സംവിധാനം എത്തിയിരുന്നെങ്കിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ചിരുന്നില്ല. ജില്ലയിൽ മെഡിക്കൽ കോളജിൽ മാത്രമാണ് നിലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് സൗകര്യം ഉള്ളത്.

ബെന്നി ബഹനാൻ എംപിയുടെയും നഗരസഭ കൗൺസിലിന്റെയും ആവശ്യപ്രകാരം ജ്യോതി ലബോറട്ടറീസാണ് 30 ലക്ഷം രൂപയോളം വിലവരുന്ന ആർ.ടി.പി.സി.ആർ മെഷിൻ താലൂക്ക് ആശുപത്രിക്ക് സൗജന്യമായി നൽകിയത്.

നിലവിൽ താലൂക്ക് ആശുപത്രിയിൽ ശേഖരിച്ചിരുന്ന സാമ്പിൾ മെഡിക്കൽ കോളജിലെ ലാബിൽ എത്തിച്ചാണ് പരിശോധിച്ചിരുന്നത്. ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലെയും പരിശോധന ഇവിടെ നടക്കുന്നതിനാൽ ഫലം വരാൻ മൂന്ന് ദിവസത്തിലധികം കാലതാമസമുണ്ട്. താലൂക്ക് ആശുപത്രിയിൽ ടെസ്റ്റ് ആരംഭിക്കുന്നതോടെ വളരെ വേഗം ഫലം ലഭിക്കും.